രാജ്യത്ത് ഹോം ഹീറ്റിങ് ഇന്ധനങ്ങളുടെ വർദ്ധിപ്പിച്ച കാർബൺ നികുതി പ്രാബല്യത്തിലായതോടെ ഹോം ഹീറ്റിങ് ഗ്യാസിന്റെ വില പ്രതിമാസം 1.40 യൂറോയും ഹോം ഹീറ്റിങ് ഓയിലിന്റെ വില പ്രതിമാസം 1.50 യൂറോയും വർദ്ധിക്കുമെന്നാണ് കണക്കുകൾ. വിലവർദ്ധനവിനെതിരെ നിരവധി എതിർ ശബ്ദങ്ങൾ ഉയരുമ്പോഴും നിലവിലെ സാഹചര്യത്തിൽ വർദ്ധനവ് അനിവാര്യമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ ജനങ്ങളെ കൂടുതൽ ദുരിതത്തിലേയ്ക്ക് തള്ളിവിടുന്നത് തടയാൻ സർക്കാർ ഇതിനകം തന്നെ ചില പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 200 യൂറോ ഇലക്ട്രിസിറ്റി ബിൽ ക്രെഡിറ്റ് നൽകുന്നതും ഗ്യാസിന്റേയും വൈദ്യുതിയുടേയും വാറ്റ് നികുതി കുറച്ചതും 58 ഓളം പൊതു സേവനങ്ങളുടെ ലെവി ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണ്.

കാർബൺ ടാക്സിൽ നിന്നും അധികമായി ലഭിക്കുന്ന തുക രാജ്യത്ത് നിലവിലുള്ള ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനും ഒപ്പം ഹരിത ഊർജ്ജത്തിലേയ്ക്ക് മാറുന്നതിനുമായിരിക്കും ഉപയോഗിക്കുക.