ദുബൈ: തൊഴിലാളി ദിനത്തിൽ ദുബൈയിലെ ഒരു വിഭാഗം ഡെലിവറി ജീവനക്കാർ നടത്തിയ പണിമുടക്ക് വിജയം കണ്ടു. ഡെലിവറിക്കുള്ള ഡ്രോപ് ഫീസ് വെട്ടികുറച്ച നടപടി ചോദ്യം ചെയ്ത് 'ഡെലിവറൂ' കമ്പനിയിലെ തൊഴിലാളികളാണ് പണിമുടക്കിയത്. സമരത്തെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയതായി കമ്പനി അറിയിച്ചു.

ഓരോ ഡെലിവറിക്കും ബൈക്ക് ഡ്രൈവർമാർക്ക് നൽകുന്ന നിരക്കാണ് ഡ്രോപ്പ് ഫീസ്. ഇത് 10 ദിർഹം 25 ഫിൽസിൽ നിന്ന് എട്ട് ദിർഹം 8 ദിർഹം 75 ഫിൽസാക്കി കുറക്കാനായിരുന്നു ഡെലിവറൂ കമ്പനിയുടെ തീരുമാനം. ഇതോടൊപ്പം ജോലി സമയം 14 മണിക്കൂറായി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. ജീവനക്കാർക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയും എന്നാണ് ഇതിന് കാരണം പറഞ്ഞത്. നിലവിൽ ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 12 മണിക്കൂറാണ് ഡെലിവറുവിന്റെ ഡെലിവറി ജീവക്കാർ ജോലി ചെയ്തിരുന്നത്.

തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച ജീവനക്കാർ തൊഴിലാളി ദിനമായ ഇന്നലെ സംഘടിതമായി കമ്പനിയുടെ ഡെലിവറി ഓർഡറുകൾ മൊബൈൽ ആപ്പിൽ സ്വീകരിക്കുന്നത് നിർത്തിവെച്ചു.ഓർഡർ കൃത്യസമയത്ത് എത്തായതായതോടെ കമ്പനിക്ക് ഉപഭോക്താക്കളുടെ പരാതികളും പ്രവഹിക്കാൻ തുടങ്ങി. സോഷ്യൽമീഡിയയിലും ഇതുസംബന്ധിച്ച വാർത്തകളും പ്രതികരണങ്ങളും നിറഞ്ഞു. കമ്പനിയുടെ പ്രവർത്തനം തന്നെ സ്തംഭിക്കുന്ന അവസ്ഥയിൽ തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി കമ്പനി അറിയിച്ചു.