താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ആൽബർട്ട പ്രവിശ്യ നീക്കിയതോടെ പ്രൊവിൻസിലെ താത്കാലിക ജോലികളിൽ ഇനി വിദേശികൾക്കും അവസരം ലഭിക്കും.. മെയ് 1ന് മുൻപ് സമർപ്പിച്ച അപേക്ഷകളിലും ഈ മാറ്റത്തിന് പ്രാബല്യമുണ്ടാകും.

നേരത്തെ പ്രൊവിൻസിലേക്ക് താൽക്കാലിക വിദേശ ജോലിക്കാരെ സ്വീകരിക്കുന്നതിന് എംപ്ലോയേഴ്സ് കനേഡിയൻ ഗവൺമെന്റിന് അപേക്ഷ സമർപ്പിക്കുന്നതിൽ നിന്നും തടയാൻ ജോലികൾ ഉൾപ്പെട്ട 'റെഫ്യൂസൽ ടു പ്രൊസസ്' പട്ടിക സൂക്ഷിച്ചിരുന്നു.

ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം (ടിഎഫ്ഡബ്യുപി) കനേഡിയൻ ഗവൺമെന്റാണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ ആൽബെർട്ടാ ഗവൺമെന്റിന്റെ പ്രസ്തുത പട്ടികയിലുള്ള ജോലികളിലേക്ക് ടിഎഫ്ഡബ്യുപി അപേക്ഷകൾ പരിഗണിച്ചിരുന്നില്ല. ആൽബെർട്ടയിൽ തന്നെ ഇതിന് അനുയോജ്യരായ ജനങ്ങൾ ഉണ്ടെന്നതായിരുന്നു ന്യായം.

എന്നാൽ കാനഡയിൽ പല മേഖലയിലും ആവശ്യത്തിന് ജോലിക്കാരെ കിട്ടാതെ വന്നതോടെ, സമ്പദ് മേഖലയെ ബാധിക്കുന്ന അവസ്ഥയിലാണ് ആൽബെർട്ട പിടിവാശി ഉപേക്ഷിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്ക് പ്രകാരം ഏകദേശം 88,000 തൊഴിലവസരങ്ങളാണ് നിലവിൽ പ്രൊവിൻസിലുള്ളത്.