ദോഹ. ജനസേവനം ഞങ്ങൾക്ക് ദൈവാരാധന എന്ന ആശയം ഉയർത്തിപ്പിടിച്ച് സമൂഹത്തിന്റെ സേവനത്തിന്റെ മഹിത മാതൃക സൃഷ്ടിക്കുന്നവരാണ് ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി.

ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക എങ്കിൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണകാണിക്കും എന്ന പ്രവാചക അദ്ധ്യാപനത്തിൽ നിന്നും ആവേശമുൾകൊണ്ട് സഹജീവി സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും മാതൃകകേന്ദ്രമായി മാറി, പുണ്യങ്ങളുടെ വസന്തകാലമായിരുന്ന ഈ റമളാനിൽ സി. ഐ. സി റയ്യാൻ ഓഫീസ്. പ്രയാസപ്പെടുന്നവരിലേക്ക് സാന്ത്വനത്തിന്റെ ഇഫ്താർ കിറ്റുമായി പുഞ്ചിരിക്കുന്ന മുഖത്തോടെ കടന്നുചെല്ലുകയാരിന്നു സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐ.സി) യുടെ ജനസേവന വിഭാഗത്തിലെ സന്നദ്ധ പ്രവർത്തകർ.

കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷംപ്രതി ദിനം ഏകദേശം അയ്യായിരത്തോളം ഇഫ്താർ കിറ്റുകളാണ് ഈ കേന്ദ്രം വഴി വിതരണം ചെയ്തത്. ഈ വർഷം ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി സിഐ.സി. ജനസേവന വിഭാഗം കോഡിനേറ്റർ താഹിർ കളത്തിങ്കൽ അറിയിച്ചു.

ഉച്ച തിരിഞ്ഞ് മൂന്നര മണിയോടെ സജീവമാവുന്ന സെന്ററിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സിഐ.സി.യുടെ കർമനിരതരായ വളണ്ടിയർമാരുടെ അശ്രാന്ത പരിശ്രമമാണ് ഈയൊരു സൽകർമത്തിന്റെ വിജയ മന്ത്രം.

പ്രധാനമായും ഫ്രണ്ട്സ് കൾച്ചറൽ സെന്റർ മുഖേന ഖത്തർ ചാരിറ്റിൽ നിന്ന് ലഭിക്കുന്ന ഭക്ഷണമാണ് സിഐ.സി. വിതരണം ചെയ്തത്. കൂടാതെ

വഹാബ് കമ്മ്യൂണിറ്റി, തെലുങ്കാന വെൽഫയർ അസോസിയേഷൻ, അൻസാർ അലൂംനി, എം.ഇ. എസ്. നോർത്ത് ഇന്ത്യൻ അലുംനി, ഐ.ടി.പി.എൻ. വിമൻ ഇന്ത്യ, നടുമുറ്റം, കൾചറൽ ഫോറം, യൂത്ത് ഫോറം, മിഷൻ 20, ഖത്തർ മല്ലു വളണ്ടിയേർസ് , എ.ഐ.ടി.എം. അലുംനി ഖത്തർ, ചക്കരക്കൂട്ടം, ഇൻകാസ് ഖത്തർ, ഖത്തർ മലയാളീസ്, ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർ, ഫേസ് വളാഞ്ചേരി തുടങ്ങി അമ്പതോളം ചെറുതും വലുതുമായ കൂട്ടായ്മകളുടേയും സംഘടനകളുടേയും പിന്തുണയും സഹകരണവുമാണ് ഈ സേവനത്തെ സവിശേഷമാക്കിയത്.

ഭക്ഷണം നല്കാൻ തയ്യാറായി വരുന്ന കൂട്ടായ്മകൾക്ക് ഭക്ഷണം ആവശ്യമുള്ള യഥാർത്ഥ ആളുകളെ കണ്ടെത്തി കൊടുക്കുകയും വിതരണത്തിന് നേതൃത്വം നൽകുകയുമാണ് സിഐ.സി. യുടെ മുഖ്യ ദൗത്യം. പ്രയാസപ്പെടുന്നവരെ തിരിച്ചറിയുന്നതിനായി രണ്ട് മാസത്തോളം സിഐ.സി വളണ്ടിയർമാർ ഫീൽഡിൽ ഇറങ്ങി പഠനം നടത്തിയിരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഭക്ഷണം നൽകാൻ ധാരാളം സുമനസ്സുകൾ തയ്യാറാണ്, പക്ഷെ അത് ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുക എന്ന ഭാരിച്ച ദൗത്യമാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി സി .ഐ. സി ചെയ്തുവരുന്നത്. ഓരോ വർഷവും ഇതുമായി സഹകരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി ജനസേവനത്തിന് നേതൃത്വം നൽകുന്ന സിദ്ദിഖ് വേങ്ങര അഭിപ്രായപ്പെട്ടു.

സൗദി ബോഡറിലെ കരാന, ഉംകർ, ജെറിയാൻ, മകൈൻസ് , അബു നഖ്‌ല, ഇൻഡസ്ട്രിയൽ ഏരിയ, ബർക്കത്ത് അവാമിർ, ശഹാനിയ, റയ്യാൻ, മൈദർ, ഫുറൂസിയ, അസീസിയ, ഐൻ ഖാലിദ്, വക്‌റ തുടങ്ങിയ സ്ഥലങ്ങളിലെ ലേബർ ക്യാമ്പുകൾ, വിജനമായ പ്രദേശങ്ങളിലെ ഫാമുകൾ, ഒറ്റപ്പെട്ടു താമസിക്കുന്ന പ്രദേശങ്ങളിലുള്ളവർ തുടങ്ങി ഖത്തറിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ വളണ്ടിയർമാർ ഇഫ്താർ കിറ്റുമായി എത്തിയിട്ടുണ്ടെന്ന് വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് പറഞ്ഞു. ദിവസവും സേവന സന്നദ്ധരായ 45 ൽ പരം വളണ്ടിയർമാരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ഇഫ്താർ കിറ്റുകൾക്ക് പുറമെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെ 800 ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പലചരക്ക് സാധനങ്ങളുടെ കിറ്റുകളും, 200 ൽ പരം പെരുന്നാൾ പുതുവസ്ത്രങ്ങളും വിതരണം ചെയ്തതായി സി. ഐ. സി ജനസേവന വിഭാഗം എക്സിക്യൂട്ടീവ് അംഗം ഫഹദ് ഇ. കെ അറിയിച്ചു.

റമദാനിൽ മാതൃകാപരമായ സേവനം ചെയ്ത വളണ്ടിയർമാരെ കഴിഞ്ഞ ദിവസം സി.എം.സി. റയ്യാൻ സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചു. റഫീഖ് പി.സി.യുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് സിഐ.സി. വൈസ് പ്രസിഡണ്ട് യാസിർ ഇല്ലതോടി ഉദ്ഘാടനം ചെയ്തു. റയ്യാൻ സോണൽ പ്രസിഡന്റ് സംസാരിച്ചു. സംഘടനാ സെക്രട്ടറി ജലീൽ എം എം അധ്യക്ഷനായിരുന്നു. സി ഐ സി കേന്ദ്ര ജനസേവന ഉപാധ്യക്ഷന്മാരായ നൂറുദ്ധീൻ അഷ്‌കറലി എന്നിവർ ആശംസകൾ നേർന്നു. വളണ്ടിയർ ക്യാപ്റ്റൻ ടി.എ. മുഹമ്മദ് റഫീഖ് സ്വാഗതവും സിഐ.സി റയ്യാൻ സോൺ ജനറൽ സെക്രട്ടറി
ഷിബിലി നന്ദിയും പറഞ്ഞു.