കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. 'സചിനും ധോണിയും കൊഹ്ലിയുമൊന്നും ഇറങ്ങാൻ ധൈര്യം കാണിക്കാത്തതിനാൽ വാലറ്റത്തെ പത്താം നമ്പർ ബാറ്ററിൽ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കുന്ന എൽ ഡി എഫിനു അഭിവാദ്യങ്ങൾ..ഉറപ്പാണ് പേമെന്റ് സീറ്റ്... ഉറപ്പാണ് തോൽവി... അപ്പൊ ചാമ്പിക്കൊ ചുവരെഴുത്ത്..' സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ പാരമ്പര്യം ഇതുവരെ തിരക്കിയ എൽഡിഎഫുകാർ അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ മൗനം പാലിക്കുന്നു എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. വാക്പോരുമായി ഇരുകൂട്ടരും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

ടി. സിദ്ദിഖ്, റോജി എം. ജോൺ അടക്കമുള്ള നേതാക്കൾ പരിഹാസവുമായി രംഗത്തെത്തി. ലിസി ആശുപത്രിയിലെ ഹൃദ് രോഗവിദഗ്ധനാണ് ഡോ. ജോസഫ്. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് ജോസഫ് ജനവിധി തേടുക.

തൃക്കാക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ സിപിഎം സ്വന്തം ചിഹ്നത്തിൽ അവതരിപ്പിക്കുന്നത് ഇത്തവണയും ഒരു ഡോക്ടറെത്തന്നെയാണ്. അന്ന് പി.ടി. തോമസിനെതിരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർ ജെ. ജേക്കബായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ, ഉപതിരഞ്ഞെടുപ്പിൽ പി.ടി.യുടെ ഭാര്യയെ നേരിടാൻ വരുന്നത് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ ജോ ജോസഫാണ്. കോട്ടയം പൂഞ്ഞാർ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. ദയ പാസ്‌കൽ തൃശൂർ ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. ചരിത്രത്തിലാദ്യമായമാണ് സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടായത്. അതിന് ഒറ്റക്കാരണം പിണറായി സർക്കാരിന്റെ വികസനവും കരുതലുമായിരുന്നു. ആ തരംഗത്തിനൊപ്പം നിൽക്കാൻ തൃക്കാക്കരയ്ക്ക് കഴിയാത്തതിൽ ഓരോ തൃക്കാക്കരക്കാരനും വിഷമമമുണ്ടായിരുന്നു. അതിന് കിട്ടിയ ഒരവസരമായി ഇതിനെ കാണുന്നു. ഹൃദ് രോഗവിദഗ്ധനായ താൻ എന്നും ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്റെ ഏത് വേദനകൾക്കും ഒപ്പം നിൽക്കുന്ന പക്ഷമാണ് ഇടതുപക്ഷം. സ്ഥാനാർത്ഥിയായത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയിൽ നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ട്. ഇടതുപക്ഷം വിചാരിച്ചാൽ ജയിക്കാൻ പറ്റുന്ന മണ്ഡലമാണ് കേരളത്തിലെ ഏത് മണ്ഡലവും. തൃക്കാക്കരയിലും അതിന് സാധിക്കും. കോന്നി, വട്ടിയൂർക്കാവ്, പാലാ എന്നീ മണ്ഡലങ്ങൾ ചില ഉദാഹരണങ്ങളാണ്. പാലായ്ക്ക് മാറി ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ തൃക്കാക്കരയ്ക്കും കഴിയുമെന്ന് ജോ ജോസഫ് പറഞ്ഞു.