കൊച്ചി: തൃക്കാക്കരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നും ഉമ തോമസിന് ജയം ഉറപ്പാണെന്നും ഹൈബി ഈഡൻ എംപി. സിൽവർലൈനിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ ഇടതുപക്ഷം ശ്രമിക്കുന്നു. വികസന പദ്ധതികളെ എതിർത്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.

'സർക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. വികസനകാംക്ഷികളായിട്ടുള്ള എറണാകുളം നിവാസികൾ വികസനത്തെക്കുറിച്ചു സ്വാഭാവികമായും ചർച്ച ചെയ്യും. എറണാകുളത്തെ വികസനമെന്നത് കോൺഗ്രസിനെ ഒഴിച്ചുകൂടാനാകാത്തതാണ്. വിമാനത്താവളം ആണെങ്കിലും രാജ്യാന്തര സ്റ്റേഡിയമാണെങ്കിലും കൊച്ചി മെട്രോ റെയിൽ ആണെങ്കിലും അതിൽ കോൺഗ്രസിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്.

കെ റെയിലിന്റെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതം എന്താണെന്ന് കേരളത്തിലെ പൊതു സമൂഹത്തിനു ബോധ്യമുള്ളതാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ബഹുഭൂരിപക്ഷത്തോടെ വിജയിക്കും. അതിനു വേണ്ട പ്രവർത്തനങ്ങളാണു ചെയ്യുന്നത്. മറുപക്ഷത്ത് ആരു സ്ഥാനാർത്ഥിയായി വന്നാലും യുഡിഎഫ് ബഹുഭൂരിപക്ഷത്തിൽ വിജയിക്കാൻ വേണ്ട പ്രവർത്തികളാണ് നടത്തുന്നത്. അതുമായി മുന്നോട്ടു പോകും'ഹൈബി പറഞ്ഞു.