തിരുവനന്തപുരം: കാട്ടുപന്നികൾ ഉൾപ്പെടെ ആൾനാശവും കൃഷിനാശവും വരുത്തുന്നതും നിയന്ത്രണാതീതമായി എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാറിന് കത്തയച്ചു. വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിലാണ് ഇത്തരമൊരു നിർദ്ദേശം സംസ്ഥാനം മുന്നോട്ടുവെച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

കേന്ദ്രസർക്കാറിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു. ഓമനജീവികളായി വളർത്തുന്നതും വിൽപന നടത്തിവരുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിർത്തിട്ടുണ്ട്.

ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത പ്രജനനകേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയെ 'മൃഗശാല' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.