- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈംബ്രാഞ്ചിലെ ലീഗൽ അഡ്വൈസർ തസ്തികകളിലെ നിയമന രീതിയിൽ മാറ്റം വരുത്തുന്നതിന് അനുമതി; അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനയ്ക്കും പ്രോട്ടോകോൾ; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അറസ്റ്റിലായ വ്യക്തികൾ, റിമാന്റ് തടവുകാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമവകുപ്പ് നിർദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ - ലീഗൽ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പട്ടികജാതി - പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്കായി 12 തസ്തികകൾ വീതം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്രത്യേകം കോടതികൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ചിലെ ലീഗൽ അഡ്വൈസർ തസ്തികകളിലെ നിയമന രീതിയിൽ മാറ്റം വരുത്തുന്നതിന് അനുമതി നൽകി. കണ്ണൂർ പെരിങ്ങോം ഗവൺമെന്റ് കോളേജിന്റെ പ്രവർത്തനങ്ങൾക്കായി പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വില്ലേജിലെ 1.6410 ഹെക്ടർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് കോളേജ് വിദ്യാഭ്യാസ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു. ഡ്രഗ്സ് കൺട്രോൾ വകുപ്പിനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പുതുതായി ആരംഭിച്ച ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിൽ 14 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
മലബാർ ക്യാൻസർ സെന്ററിലെ നഴ്സിങ് അസിസ്റ്റന്റുമാർക്കും തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ജീവനക്കാർക്കും 11-ാം ശമ്പള പരിഷ്‌ക്കരണ പ്രകാരം പുതിയ ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കും. സി-ആപ്റ്റിൽ 10-ാം ശമ്പളപരിഷ്‌ക്കരണാനുകൂല്യങ്ങൾ അനുവദിക്കാനും തീരുമാനിച്ചു. കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന്റെ ചെയർമാൻ കം മാനേജിങ് ഡയറക്ടറായി എ. അലക്സാണ്ടർ ഐ എ എസ്സിനെ (റിട്ട.) മൂന്നു വർഷത്തേക്ക് നിയമിച്ചു.