ഒട്ടാവ (ഒന്റാരിയോ): അമേരിക്ക പൂർണ്ണമായും ഗർഭഛിദ്ര നിരോധന നിയമത്തിനു കീഴിൽ വരുമെന്ന സൂചന ലഭിക്കുകയും, നിരവധി പ്രമുഖ സംസ്ഥാനങ്ങൾ ഗർഭഛിദ്രം പൂർണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി കാനഡ. ഗർഭഛിദ്രം ആവശ്യമുള്ള അമേരിക്കക്കാർ ഉൾപ്പെടെ എല്ലാവരേയും കാനഡയിലെ ട്രൂഡോ സർക്കാർ സ്വാഗതം ചെയ്തു.

അമേരിക്കൻ സുപ്രീം കോടതി നിലവിലുള്ള ഗർഭഛിദ്ര അനുകൂലനിയമം (റോ. വി. വേയ്സ്) മാറ്റുന്നതോടെ കൂടുതൽ ആളുകളെ ഇവിടെ നിന്നും കാനഡയിലേക്ക് ആകർഷിക്കാമെന്ന് കാനഡയിലെ മുതിർന്ന മന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെടുകയും ചെയ്തു.

ഗർഭഛിദ്രം ആവശ്യമുള്ളവർക്കു കാനഡയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള നിയമങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ചും യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും കാനഡ ബോർഡർ സർവീസും ഏജൻസികളുമായി പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റർ മർക്കൊ മെൻസിസിനൊ ചർച്ച നടത്തി.

ഗർഭഛിദ്ര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് അതിനുള്ള ഫീസ് നൽകേണ്ടി വരും. കാനഡയിൽ ആരോഗ്യസംരക്ഷണം ഗവൺമെന്റിൽ നിക്ഷിപ്തമായതിനാൽ സൗജന്യ ചികിത്സയാണ് ലഭിക്കുക. എന്നാൽ, അമേരിക്കയിൽ നിന്നും വരുന്നവർക്ക് പണം കൊടുക്കേണ്ടിവരുമെന്ന് കുടുംബ മന്ത്രി കരീന ഗൗൾസ് പറഞ്ഞു