ദോഹ:കോവിഡ് സാഹചര്യത്തിൽ രണ്ടു വർഷമായി നിലച്ചുപോയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റിയൂഷനിലെ സ്‌ട്രോക്ക് വാർഡിലെ കിടപ്പു രോഗികളായ സഹോദരങ്ങളോടൊപ്പം കൾച്ചറൽ ഫോറം പെരുന്നാൾ ആഘോഷിച്ചു.മെയ് രണ്ടിന് കൾച്ചറൽ ഫോറം സ്ഥാപകദിനാഘോഷത്തിന്റെ കൂടി ഭാഗമായി നടന്ന പെരുന്നാൾ ആഘോഷം റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഡോ.ഹനാദി അൽ ഹമദിന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് സംഘടിപ്പിച്ചത്.സ്വന്തമായി പ്രാഥമിക കർമ്മങ്ങൾ പോലും നിർവഹിക്കാനാവാത്ത കിടപ്പു രോഗികളോടൊപ്പമുള്ള പെരുന്നാൾ ആഘോഷം രോഗികൾക്കും സംഘാടകർക്കും വേറിട്ട അനുഭവമായിരുന്നു.പെരുന്നാൾ ആഘോഷം രോഗികളോടൊപ്പം സംഘടിപ്പിച്ച കൾച്ചറൽ ഫോറത്തിന് ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫീഷ്യൽസും ഡോക്ടർമാരും അഭിനന്ദനങ്ങളും നന്ദിയും അർപ്പിച്ചു. ലുലു ഗ്രൂപ്പ് സ്‌പോൺസർ ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.കൂടാതെ രോഗികൾക്ക് മധുരപലഹാരങ്ങളും പെരുന്നാൾ സമ്മാനങ്ങളും കൈമാറി.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി താസീൻ അമീൻ,സെക്രട്ടറി സിദ്ദീഖ് വേങ്ങര, കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് ഹോസ്പിറ്റൽ വിസിറ്റിങ് കോഡിനേറ്റർ സുനീർ,നിസ്താർ എറണാകുളം, സൈനുദ്ദീൻ നാദാപുരം,ശിഹാബ് വലിയകത്ത്,ഷഫീഖ് ആലപ്പുഴ,റസാഖ് കാരാട്ട് ,മൻസൂർ തൃശൂർ ,സഫ്വാൻ കണ്ണൂർ നിസാർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.