- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പാരയാകുമെന്ന തിരിച്ചറിവിലേക്ക് യുഡിഎഫ്; ചെന്നിതലയുടെ ഉപദേശം ഉൾക്കൊണ്ട് സുധാകരനും സതീശനും ശ്രമിക്കുന്നത് തിരുത്തലിന്; പി രാജീവിന്റെ പ്രതിരോധവും ലക്ഷ്യമിടുന്നത് സഭാ വോട്ടുകൾ; തൃക്കാക്കരയിൽ ഇനി രണ്ടു കൂട്ടരുടേയും തന്ത്രങ്ങൾ കരുതലോടെ
കൊച്ചി: ലിസി ആശുപത്രിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നിലും സിപിഎമ്മിന്റെ വോട്ട് ഉറപ്പിക്കാനുള്ള തന്ത്രമോ? സഭയെ യുഡിഎഫിനെ കൊണ്ടു തന്നെ ശത്രുവാക്കാനുള്ള നീക്കമായിരുന്നു ഡോ ജോ ജോസഫുമായുള്ള ആ പത്ര സമ്മേളനം. ഇത് കോൺഗ്രസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ ഡോ ജോ ജോസഫിനെ ഇനി സഭാ സ്ഥാനാർത്ഥിയായി അവർ ചർച്ചയാക്കില്ല. സഭയ്ക്ക് സ്ഥാനാർത്ഥി നിർണ്ണായത്തിൽ പങ്കില്ലെന്നും സഭയെ സിപിഎം ദുരുപയോഗപ്പെടുത്തിയെന്നുമുള്ള നിലപാടിലേക്ക് അവർ മാറും. കർദിനാൾ ആലഞ്ചേരിയെ അടക്കം വിമർശിക്കുന്നത് ഒഴിവാക്കും. സഭാ ആസ്ഥാനത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ട് തേടിയെത്തിയതും തെറ്റിധാരണ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്.
ക്രൈസ്തവർക്ക് നിർണ്ണായക സ്വാധീനം തൃക്കാക്കരയിലുണ്ട്. എന്നാൽ ക്രൈസ്തവ സഭ തന്നെ രണ്ടു തട്ടിലാണ്. ഇതിന്റെ സാധ്യതകളാണ് ഇടതുപക്ഷം പരീക്ഷിക്കാൻ ശ്രമിച്ചത്. ഔദ്യോഗിക പക്ഷം എന്നും യുഡിഎഫ് അനുലൂകലരാണ്. അത് മാറിയെന്ന് സ്ഥാപിക്കാനായിരുന്നു സിപിഎം ശ്രമം. തൃക്കാക്കരയിൽ ക്രൈസ്തവർക്കപ്പുറത്തുള്ള വോട്ട് ബാങ്കിൽ കോൺഗ്രസും കണ്ണുവച്ചു. എന്നാൽ മധ്യകേരളത്തിൽ കോൺഗ്രസിന് ത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സഭയിലെ കരുതലോടെ നീങ്ങാനുള്ള കോൺഗ്രസ് തീരുമാനം. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന വാദം കോൺഗ്രസ് ഒരിടത്തും ഇനി ഉയർത്തില്ല.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കത്തോലിക്കാ സഭയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന അഭിപ്രായവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും രംഗത്ത് വന്നിരുന്നു. രമേശിന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പെട്ടെന്ന് ഉൾക്കൊണ്ടു. തിരുത്തലുകളും വരുത്തി. അതിനിടെ എൽഡിഎഫ് ചെലവിൽ സഭാ നേതൃത്വത്തെ അപമാനിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. അതേസമയം, മന്ത്രി പി.രാജീവാണ് എൽഡിഎഫ് സ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്നു വരുത്തിത്തീർക്കാൻ സഭയുടെ വേദി ദുരുപയോഗിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
രമേശ് ചെന്നിത്തലയാണ് ഇതിൽ നിർണ്ണായക ഇടപെടൽ നടത്തിയത്. സഭയെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. സഭ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നു കരുതുന്നില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ വെറും പ്രചാരണം മാത്രമാണത്. കത്തോലിക്കാ സഭ ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ്. അവർ ഒരിക്കലും ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇടപെടുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പിന്നാലെ കെപിസിസിയും രംഗത്തു വന്നു. ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു കഴിഞ്ഞു. കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഞാനും പറഞ്ഞത് ഒരേ കാര്യമാണെ്ന്ന് സുധാകരൻ വിശദീകരിച്ചു.
തൃക്കാക്കരയിൽ രാഷ്ടീയ പോരാട്ടത്തിനാണു ഞങ്ങൾ തയാറായത്. പക്ഷേ, സിപിഎം രാഷ്ടീയ പോരാട്ടത്തിനു തയാറല്ല. രാഷ്ട്രീയ മത്സരത്തിനു ഞാൻ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണ്. അവർക്ക് അതിനു കഴിയുമായിരുന്നെങ്കിൽ നേരത്തെ നിശ്ചയിച്ച കെ.എസ്.അരുൺ കുമാറിനെയാണു സ്ഥാനാർത്ഥിയാക്കേണ്ടിയിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം 'കൊല' റെയിലിനുള്ള താക്കീതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ബ്രൂവറി അഴിമതി അടക്കം ഇനി തൃക്കാക്കരയിൽ യുഡിഎഫ് ചർച്ചയാക്കും.
അതിനിടെ ലിസി ആശുപത്രിയിലെ പത്ര സമ്മേളനത്തെ സിപിഎം ന്യായീകരിക്കുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതു ലെനിൻ സെന്ററിലാണ്. തീരുമാനം പ്രഖ്യാപിച്ചശേഷം ഞങ്ങൾ ആശുപത്രിയിൽ ഡോക്ടറെ അറിയിക്കാൻ ചെന്നപ്പോൾ അവരാണ് ഞങ്ങളോട് ഇരിക്കാൻ പറഞ്ഞത്. സ്വന്തം സ്ഥാപനത്തിലെ ഡോക്ടർക്കു ലഭിച്ച അംഗീകാരത്തിൽ സന്തോഷം തോന്നി ആശുപത്രി ഡയറക്ടറായ ഫാ. പോൾ കരേടൻ ഡോക്ടർക്കു പൂച്ചെണ്ടു നൽകി സംസാരിച്ചതിൽ എന്താണു തെറ്റ്? വൈദികൻ എന്ന നിലയിലല്ല, ആശുപത്രി ഡയറക്ടർ എന്ന നിലയിലാണ് അദ്ദേഹം ഡോ.ജോയെക്കുറിച്ചു സംസാരിച്ചതെന്ന് മന്ത്രി രാജീവ് പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രി രാജീവും തമ്മിലുള്ള തർക്കമാണ് ഈ അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സഭയിൽ ഒരു വിഭാഗം സഭയുടെ സ്ഥാനാർത്ഥിയല്ല എന്നു പറഞ്ഞു രംഗത്തു വന്നു. ഞങ്ങൾ അതിൽ കക്ഷി പിടിച്ചില്ല. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി.സി.ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടു വന്നയാളെയാണോ സിപിഎം സ്ഥാനാർത്ഥിയാക്കേണ്ടത്? ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡയെ സന്ദർശിച്ചു തിരിച്ചെത്തിയ ജോർജ് പറഞ്ഞതു തൃക്കാക്കരയിൽ ബിജെപിക്കു കാര്യമായ വോട്ടു കിട്ടില്ലെന്നാണ്. എന്നിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം പയ്യനാണെന്നു പറയുന്നു. അതിന്റെ അർഥമെന്താണ് എന്നും സതീശൻ ചോദിക്കുന്നു.
സഭയുടെ പേരിൽ രാഷ്ട്രീയക്കളി നടത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. സഭയിൽത്തന്നെയുള്ള ഉൾപ്പിരിവുകൾ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് ശ്രമം. ഇടതുസ്ഥാനാർത്ഥിയായി ഒരാളുടെ പേര് ഉയർന്നുവരുകയും ചുവരെഴുത്തുകൾക്കിടെ അദ്ദേഹത്തെ മാറ്റുകയും ചെയ്തപ്പോൾമുതൽ വരാൻപോകുന്ന സ്ഥാനാർത്ഥി സഭയുടെ ആളായിരിക്കുമെന്ന പ്രചാരണം ശക്തമായി. സഭയുടെ ആളെന്ന് മറ്റുള്ളവർ പറയുന്നതിൽ ഗൂഢമായി സന്തോഷിച്ച ഇടതുപക്ഷം പിന്നെയാണ് അതിലെ കുരുക്ക് മനസ്സിലാക്കിയത്. സഭയുടെ ആളായി മുദ്രകുത്തപ്പെട്ടാൽ അത് മറ്റു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഇടയാക്കുമോ എന്ന ചിന്തയുണ്ടായി. സഭയിലെ ഒരുവിഭാഗം ആദ്യം എതിർപ്പുമായി വന്നതും പിന്നാലെ സഭാനേതൃത്വംതന്നെ പ്രസ്താവനയുമായി വന്നതും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കി.
ഇടതുസ്ഥാനാർത്ഥിയെ വിവാദത്തിൽനിർത്തി വോട്ടുകളുടെ ഏകീകരണം യു.ഡി.എഫും ആദ്യം ലക്ഷ്യംവെച്ചിരുന്നു. അതിന് ഉപകരിക്കുംവിധമുള്ള വാക്പ്രയോഗമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനിൽനിന്ന് ആദ്യം ഉണ്ടായത്. എന്നാൽ, രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലുള്ള പ്രതിഷേധം വ്യക്തമാക്കി സഭതന്നെ വന്നതോടെ യു.ഡി.എഫിനും കളംമാറ്റിച്ചവിട്ടേണ്ടിവന്നു.
മറുനാടന് മലയാളി ബ്യൂറോ