അലബാമ: അലബാമ ലോഡർഡെയിൽ കൗണ്ടി ജയിലിൽ നിന്നും കൊലകേസിൽ വിചാരണ നേരിടുന്ന പ്രതിയുമായി കടന്നുകളഞ്ഞ ഷെരീഫിനായുള്ള അന്വേഷണം ഊർജിതപ്പെടുത്തി. ഇരുവരെയും കണ്ടെത്തുന്നതിനുള്ള പ്രതിഫലം 25,000 ഡോളറായി വർധിപ്പിച്ചു. ഇവർ രണ്ടു പേരും പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് അലബാമ ഗവർണർ മുന്നറിയിപ്പു നൽകി.

നിരവധി കേസുകളിലായി 75 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരികയും, കൊലപാതക കേസിൽ വിചാരണ നേരിടുകയും ചെയ്യുന്ന കെയ്സി വൈറ്റിനേയും ജയിലിൽ നിന്നും ഇയാളെ രക്ഷപ്പെടാൻ സഹായിച്ച അസിസ്റ്റന്റ് ഡയറക്ടർ ഓഫ് കറക്ഷൻസ് വിക്കി വൈറ്റിനെയുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും ഇരുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ്, കെയ്സി വൈറ്റിനെ ജയിലിൽ നിന്നും വിക്കി വൈറ്റ് കൂട്ടികൊണ്ടുപോയത്. എന്നാൽ ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. കെയ്സി വൈറ്റിനെ രക്ഷപ്പെടുത്തുന്നതിനു വിക്കി വലിയ പദ്ധതിയായിരുന്നു തയാറാക്കിയിരുന്നത്. ജയിലിൽ നിന്നും രാവിലെ 9 മണിയോടെ കാറിൽ കയറ്റി കൊണ്ടുപോയതിനുശേഷം കുറച്ചകലെയുള്ള മറ്റൊരു പാർക്കിങ് ലോട്ടിൽ കാർ ഉപേക്ഷിച്ചു. തലേദിവസം അവിടെ പാർക്കു ചെയ്തിരുന്ന മറ്റൊരു കാറിലാണ് കെയ്സിയെ വിക്കി കൊണ്ടുപോയത്.

ഈ സംഭവത്തിനു ചില ദിവസങ്ങൾക്കു മുൻപ് വിക്കിയുടെ വീട് വിറ്റിരുന്നു. മാത്രമല്ല രക്ഷപ്പെടുന്നതിന്റെ തലേദിവസം വിക്കി റിട്ടയർമെന്റ് പേപ്പറുകളും തയാറാക്കിയിരുന്നു. ഇരുവർക്കുമായുള്ള അന്വേഷണം തുടരുകയാണ്.