- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കും ഷിഗല്ല; അതീവ ജാഗ്രതാ നിർദ്ദേശം; ഐസ്, ഐസ്‌ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ നടപടി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലപ്പുറം: മലപ്പുറത്ത് രണ്ട് കുട്ടികൾക്ക് അടക്കം മൂന്നുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. അതീവശ്രദ്ധ പാലിക്കണമെന്ന് ഡി.എം.ഒയുടെ നിർദ്ദേശിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്ത് പരിധിയിലാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. മൂന്ന് പേർക്കാണ് രോഗബാധ. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുമ്പ് കാസർകോട്ട് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഷിഗല്ല: അതീവശ്രദ്ധ പാലിക്കണം - ഡി.എം.ഒ
ജില്ലയിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണം സംഭവിച്ചു അപകടവസ്ഥയിൽ ആവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധവേണമെന്നും ഡി. എം.ഒ അറിയിച്ചു. ഐസ്, ഐസ്‌ക്രീം, സിപ്പ് - അപ്പ് എന്നിവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനകൾ നടത്തുന്നതിനും നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമ്മിക്കുന്നതുമായ സ്ഥാപനങ്ങളിൽ കർശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എന്താണ് ഷിഗല്ല?
ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് അധവാ ഷിഗല്ല രോഗബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഷിഗല്ല രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്
ഷിഗല്ലരോഗം പകരുന്നത്.
രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലും രോഗം വ്യാപിക്കും. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടണം.
പ്രധാന ലക്ഷണങ്ങൾ
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത് വരുന്നതിനാൽ മറ്റുള്ളവർക്ക് രോഗം പകരാം. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതും മരണം സംഭവിക്കാവുന്നതുമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക.
പൂർണ്ണമായും വേവിച്ച ഭക്ഷണം കഴിക്കുക.
കുടിവെള്ള സ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യുക.
ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും, പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുക.
ആഹാരസാധനങ്ങളിൽ ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.
കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങൾ കഴിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.
മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വയറിളക്കം ഉണ്ടായാൽ ഉടൻതന്നെ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം മുതലായവ കുടിക്കുക.
വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
രോഗത്തിന് കൃത്യമായ ചികിത്സ തേടുക.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്