കോയമ്പത്തൂർ: ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ നിറഞ്ഞുനിന്ന 'ഇഡ്ഡലി പാട്ടി' കമലാത്താളിന് ലോക മാതൃദിനത്തിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ആദരം. മാതൃദിനത്തിൽ 'ഇഡലി പാട്ടി്' പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

കമലാത്താൾ ആഗ്രഹിച്ച സ്വപ്നഭവനമാണ് ഞായറാഴ്ച കമ്പനി അധികൃതർ ഏൽപ്പിച്ചത്. ഇക്കാര്യം ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ അറിയിച്ചു. മാതൃദിനത്തിൽ ഇഡ്ഡലി അമ്മയ്ക്ക് വീട് നൽകിയ കാര്യവും ഗൃഹപ്രവേശ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.

ഒരു ഇഡ്ഡലി 25 പൈസക്ക് നൽകിത്തുടങ്ങി നിലവിൽ ഒരു രൂപയ്ക്ക് നൽകുന്ന കമലാത്താൾ(85) നെ കുറിച്ച് രണ്ടുവർഷം മുമ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞത്. 35 വർഷമായി ഒറ്റയ്ക്ക് മാവരച്ച് ഇഡ്ഡലി ഉണ്ടാക്കുകയും ചട്‌നിയും, സാമ്പാറും ചേർത്ത് സ്‌നേഹത്തോടെ വിളമ്പി നൽകുന്ന പാട്ടിയെ കുറിച്ചുള്ള വാർത്ത ആനന്ദ് മഹീന്ദ്ര പങ്കുവെച്ചതോടെ കമലാത്താളിന് ആരാധകരേറി.

തുടർന്ന് മഹീന്ദ്രയുടെ നിർദ്ദേശപ്രകാരം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ പുകഴ് നേരിട്ടെത്തി ഇവർക്ക് പുത്തൻ ഗ്യാസ് അടുപ്പും ഗ്രൈൻഡറും മിക്‌സിയും നൽകി. വാർത്തയറിഞ്ഞ് ഭാരത് ഗ്യാസ് മാസംതോറും 2 സിലിണ്ടറുകളും ഹിന്ദുസ്ഥാൻ പെട്രോളിയം ഒരു സിലിണ്ടറും നൽകി. അതുവരെയും പുലർച്ചെ മുതൽ വിറകടുപ്പിൽ ആയിരുന്നു പാട്ടി ഇഡ്ഡലി ഉണ്ടാക്കിയിരുന്നത്.

ഇതിനിടെയാണ് മഹീന്ദ്ര കമ്പനി ഉദ്യോഗസ്ഥനോട് തലചായ്ക്കാൻ ഒരു വീടിന്റെ ആവശ്യം അറിയിച്ചുത്. അദ്ദേഹം ആനന്ദ് മഹീന്ദ്രയെ അത് അറിയിക്കുകയായിരുന്നു. തുടർന്ന് കമലാത്താളിന്റെ പേരിൽ കോയമ്പത്തൂർ വടിവേലം പാളയത്ത് രണ്ടര ലക്ഷം രൂപ ചെലവിൽ 1.75 സെന്റ് വാങ്ങി. ഇതോട് ചേർന്ന് അന്നത്തെ ഗ്രാമ നഗര വികസന വകുപ്പ് മന്ത്രി എസ്. പി. വേലുമണി 1.75 സെന്റ് ഭൂമിയും വാങ്ങി നൽകി. കോവിഡ് കാരണം നീണ്ട പദ്ധതി ഈ വർഷം ജനുവരി 28ന് 7 ലക്ഷം രൂപ ചെലവിൽ മഹീന്ദ്രയുടെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ മഹീന്ദ്ര ലൈഫ് സ്‌പേസസ് ആരംഭിച്ച് മെയ് അഞ്ചിന് പൂർത്തിയാക്കി.

വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും നൽകിയതോടൊപ്പം ഒരു ഭാഗം താമസിക്കാനും മറ്റൊരു ഭാഗത്ത് ഇഡ്ഡലി ഉണ്ടാക്കി വിൽക്കാൻ ആവശ്യമായ അടുപ്പുകളും സൗകര്യങ്ങളും ഒരുക്കി നൽകിയാണ് കമലാത്താളിന്റെ സ്വപ്നം പൂർത്തീകരിച്ചത്. അവസാനംവരെയും ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതിയ വീട്ടിലേക്ക് പാട്ടി വലതുകാൽ വെച്ച് കയറിയത്.