- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈയുടെ റൺമലയ്ക്ക് മുന്നിൽ പതറി വീണ് ഡൽഹി; 17.4 ഓവറിൽ 117 റൺസിന് ഓൾഔട്ട്; 91 റൺസിന്റെ വമ്പൻ ജയം; ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസ്സിൽ

മുംബൈ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 91 റൺസിന് കീഴടക്കി പ്ലേ ഓഫ് സാധ്യത പ്രതീക്ഷ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.4 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
സീസണിൽ ചെന്നൈയുടെ നാലാം ജയമാണിത്. ജയത്തോടെ 11 കളികളിൽ നിന്ന് എട്ട് പോയന്റുമായി ചെന്നൈ, കൊൽക്കത്തയെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. 11 കളികളിൽ നിന്ന് 10 പോയന്റുള്ള ഡൽഹി അഞ്ചാം സ്ഥാനത്താണ്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡൽഹി താരങ്ങൾക്കാർക്കും തന്നെ ഉത്തരവാദിത്തത്തോടെയുള്ള ഒരു ഇന്നിങ്സ് കളിക്കാനായില്ല. 20 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 25 റൺസെടുത്ത മിച്ചൽ മാർഷാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.
മാർഷിനെ കൂടാതെ 12 പന്തിൽ നിന്ന് 19 റൺസെടുത്ത ഡേവിഡ് വാർണറും 11 പന്തിൽ നിന്ന് 21 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്തും 19 പന്തിൽ നിന്ന് 24 റൺസെടുത്ത ശാർദുൽ താക്കൂറും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്.
ശ്രീകർ ഭരത് (8), റോവ്മാൻ പവൽ (3), റിപാൽ പട്ടേൽ (6), അക്ഷർ പട്ടേൽ (1) എന്നിവരെല്ലാം പരാജയമായി. കുൽദീപ് യാദവ് (5), ഖലീൽ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ചെന്നൈക്കായി മോയിൻ അലി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുകേഷ് ചൗധരി, സിമർജീത് സിങ്, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് അടിച്ചെടുത്തിരുന്നു. 49 പന്തിൽ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ഡെവോൺ കോൺവെയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഋതുരാജ് ഗെയ്ക്വാദ് - കോൺവെ സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 66 പന്തിൽ നിന്നും ഇരുവരും 110 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് 41 റൺസെടുത്ത ഗെയ്ക്വാദിനെ മടക്കി ആന്റിച്ച് നോർക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ഇതിനിടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോൺവെയെ 17-ാം ഓവറിൽ ഖലീൽ അഹമ്മദ് മടക്കി. 19 പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 32 റൺസെടുത്ത ദുബെയെക്കൊപ്പം രണ്ടാം വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് കോൺവെ മടങ്ങിയത്.
18-ാം ഓവറിൽ ദുബെയും 19-ാം ഓവറിൽ അമ്പാട്ടി റായുഡുവും (5) മടങ്ങി. തുടർന്നെത്തിയ മോയിൻ അലിക്കും (9) റോബിൻ ഉത്തപ്പയ്ക്കും (0) തിളങ്ങാനായില്ല. എന്നാൽ തന്റെ ഫിനിഷിങ് മികവ് ഒരിക്കൽ കൂടി പുറത്തെടുത്ത എം.എസ് ധോനി വെറും എട്ട് പന്തിൽ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 21 റൺസെടുത്ത് ചെന്നൈയെ 200 കടത്തി. ഡൽഹിക്കായി നോർക്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.


