പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കിൽ 20 റിയാൽ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾ ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മരങ്ങൾക്ക് താഴെയോ വിനോദ സ്ഥലങ്ങളിലോ തീയിടുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മരങ്ങളെയോ പ്രദേശത്തെയോ ബാധിക്കുന്ന തരത്തിൽ തീ ഇടുകയും ഇതുമൂലം ചുറ്റുമുള്ള ആളുകളെ ശല്യപ്പെടുത്തുകയോ ചെയ്താൽ 20 റിയാൽ പിഴ ചുമത്തുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.