സൗദിയിൽ ഈ വർഷം തടവുകാർക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. മുപ്പത്തിയാറ് കുറ്റകൃത്യങ്ങളിലൊഴികെയുള്ള തടവുകാർക്ക് രാജാവിന്റെ പൊതുമാപ്പിന് അർഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഖുർആൻ നിന്ദ, ഭീകരപ്രവർത്തനം, രാജ്യദ്രോഹകുറ്റങ്ങൾ എന്നിവയിൽ ശിക്ഷയനുഭവിക്കുന്നവർക്ക് പൊതുമാപ്പിനർഹതയുണ്ടാകില്ല.

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് വർഷംതോറും നൽകി വരുന്ന രാജകാരുണ്യത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളുമാണ് സൗദി ഭരണകൂടം പ്രഖ്യാപിച്ചത്. ഈ വർഷത്തെ പൊതുമാപ്പിന് പരിഗണിക്കുന്ന തടവുകാർക്കുള്ള പൊതുനിബന്ധനകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. കൊലപാതകം, ബലാൽത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, വിശുദ്ധ ഖുർആനിനെ അവഹേളിക്കൽ, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങൾ, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കൽ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

രണ്ട് വർഷവും അതിൽ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവർ, രണ്ടു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലിൽ ഒരുഭാഗം പൂർത്തിയാക്കിയവർ എന്നിവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടാകും.