ന്യൂഡൽഹി: കർഷകരെ ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കിൽ ലഖിംപുർ സംഘർഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ഉപമുഖ്യമന്ത്രിക്ക് നിരോധനാജ്ഞ സംബന്ധിച്ച വിവരം മുൻകൂട്ടി ലഭിച്ചില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കർഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.

അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന രാഷ്ട്രീയക്കാർ മാന്യമായ ഭാഷയിലായിരിക്കണം അഭിപ്രായം പറയേണ്ടത്. തങ്ങളുടെ അഭിപ്രായം സമൂഹത്തിൽ എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് നേതാക്കൾക്ക് ബോധ്യമുണ്ടാകണം.

നിരുത്തരവാദപരമായ പ്രസ്താവനകൾ ഉയർന്ന പദവികളിലുള്ളവർ നടത്തരുതെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധനാജ്ഞ നിലനിന്ന സ്ഥലത്ത് എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നതെന്നും കോടതി ആരാഞ്ഞു. നിയമം ലംഘിക്കാൻ നിയമം ഉണ്ടാക്കുന്നവർക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ കോടതി ഉത്തരവിൽ പ്രശംസിച്ചിട്ടുണ്ട്.