- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ഭക്ഷണരീതിയുടെ ഭാഗമല്ല; ഷവർമ പാശ്ചാത്യഭക്ഷണം; കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: ഷവർമ ഇന്ത്യൻ ഭക്ഷണരീതിയുടെ ഭാഗമല്ലെന്നും പാശ്ചാത്യ ഭക്ഷണമാണെന്നും അത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തമിഴ്‌നാട് അരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. മറ്റ് നല്ല ഭക്ഷണങ്ങൾ ലഭ്യമാണെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണ പദാർഥങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഷവർമ കഴിച്ച് കേരളത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും കേരളത്തിലും തമിഴ്‌നാട്ടിലും ഏതാനും പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.
'ഷവർമ ഒരു പാശ്ചാത്യ ഭക്ഷണമാണ്. പാശ്ചാത്യ രാജ്യങ്ങൾക്ക് അവരുടെ കാലാവസ്ഥാ സാഹചര്യങ്ങളാൽ ഇത് യോജിച്ചതാകാം. ആ രാജ്യങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്കു പോകാറുണ്ട്. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ പുറത്ത് സൂക്ഷിച്ചാൽ പോലും കേടാവില്ല. ശരിയായി ശീതീകരിച്ച് സൂക്ഷിച്ചില്ലെങ്കിൽ മാംസം കേടുവരാനിടയുണ്ട്. കേടായ മാംസം കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും', മാ സുബ്രഹ്മണ്യൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജ്യമെമ്പാടുമുള്ള ഷവർമ കടകൾക്ക് ശരിയായ സംഭരണ സംവിധാനങ്ങളില്ലെന്നും പൊടിപടലങ്ങൾ നേരിട്ട് ഏൽക്കുന്ന വിധത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് താല്പര്യമുണ്ടെന്ന കാരണത്താൽ പല കടകളും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് വില്പന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഭക്ഷണം നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കരിച്ച മാംസം വിൽക്കാനുള്ള അനുമതിയുണ്ടോ എന്ന് പോലും ഇത് വില്ക്കുന്നവർ ചിന്തിക്കാറില്ല. കച്ചവടചിന്ത മാത്രമേ അവർക്കുള്ളൂ. പരാതികളെ തുടർന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോടു നിർദേശിച്ചുവെന്നും ആയിരത്തോളം കടകൾ അടപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്തുവെന്നും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.


