ദോഹ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ കേന്ദ്ര വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ ഖത്തർ വിദേശകാര്യസഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച നടത്തി.

വിമാനത്താവളത്തിലെത്തിയ മുരളീധരനെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെയും ഖത്തർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചർച്ചയായി. രാഷ്ട്രീയം, പ്രതിരോധം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനത്തിലൂടെ സാധിക്കും. മന്ത്രി വി മുരളീധരന്റെ ആദ്യ ഔദ്യോഗിക ഖത്തർ സന്ദർശനമാണിത്. ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമുമായും മന്ത്രി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.

അതേസമയം വി മുരളീധരൻ ഖത്തർ നാഷണൽ മ്യൂസിയം സന്ദർശിച്ചു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.