- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കയിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞത് പ്രകോപനമായി; വെടിയുതിർത്ത് ഭരണപക്ഷ എം പി; ജനക്കൂട്ടം അക്രമാസക്തമായപ്പോൾ കെട്ടിടത്തിലേക്ക് ഓടികയറി; കണ്ടെത്തിയത് മരിച്ച നിലയിൽ

കൊളംബോ: ശ്രീലങ്കൻ ഭരണകൂടത്തിന് എതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഭരണപക്ഷ എം പിയായ അമരകീർത്തി അതുകൊരാളയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് എംപിയെ ഒരു കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതിഷേധക്കാർ വാഹനം തടഞ്ഞതിനെ തുടർന്ന് ഇവർക്കെതിരെ അമരകീർത്തി അതുകൊരാള വെടിയുതിർത്തിരുന്നു. ഇതിൽ രണ്ട് പ്രതിഷേധക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അമരകീർത്തി വെടിയുതിർത്തതിന് പിന്നാലെ കൂടുതൽ അക്രമാസക്തരായ ജനക്കൂട്ടം ജനപ്രതിനിധിയെ ആക്രമിക്കാൻ തുനിഞ്ഞു.
അമരകീർത്തി അടുത്തുള്ള കെട്ടിടത്തിലേക്ക് ഓടികയറിയതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു. അമരകീർത്തിയുടെ മൃതശരീരം പിന്നീട് ഈ കെട്ടിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ജനകീയ പ്രതിഷേധം രൂക്ഷമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വച്ചിരുന്നു. കൊളംബോയിൽ സമരക്കാരെ ഇന്ന് മഹീന്ദ അനുകൂലികൾ ആക്രമിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണമുണ്ടായി.പിന്നാലെ രാജ്യത്താകെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഘർഷമുണ്ടായ സമരവേദിയിൽ സൈന്യത്തെ വിന്യസിച്ചു. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിമാരും രാജി വയ്ക്കാനൊരുങ്ങുകയാണ്. രണ്ടു മന്ത്രിമാർ പ്രസിഡന്റിന് രാജിക്കത്ത് നൽകി.
വെള്ളിയാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്‌സയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിൽ ഗോതബയ തന്നെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും മന്ത്രിമാരും ഗോതബയയെ പിന്തുണച്ചതോടെ താൻ രാജിക്ക് തയാറാണെന്ന് മഹിന്ദ അറിയിച്ചെന്നും തിങ്കളാഴ്ച രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ക്യാബിനറ്റ് യോഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏതാനും ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


