- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കുന്നവർക്ക് ഫാമിലിവിസ; കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ച് തുടങ്ങിയത് നിബന്ധനകളോടെ
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ച് തുടങ്ങിയത് നിബന്ധനകളോടെ. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക. വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾ ഞായറാഴ്ച പ്രവാസികളുടെ ഫാമിലി വിസിറ്റ് വിസ അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായി ദിനപത്രം റിപോർട്ട് ചെയ്യുന്നു.
കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കാൻ ഈദുൽ ഫിത്തർ അവധിക്ക് മുമ്പ് മന്ത്രിമാരുടെ കൗൺസിൽ പുറപ്പെടുവിച്ച തീരുമാനം പരിഗണിച്ച്, റെസിഡൻസി കാര്യ വകുപ്പുകൾക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകൾ ലഭിച്ചുതുടങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു. പൗരത്വം, ശമ്പളപരിധി, സുരക്ഷാ പരിശോധനകൾ തുടങ്ങിയ കാര്യങ്ങളിൽ വിസ ലഭിക്കുന്നതിനുള്ള മുൻവ്യവസ്ഥകൾ പ്രാബല്യത്തിൽ തുടരുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകളാണ് രാജ്യം മഹാമാരിയെ അതിജീവിച്ചതോടെ വീണ്ടും അനുവദിച്ചത്. രാജ്യത്ത് കോവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽതന്നെ പിൻവലിച്ചിരുന്നു.