- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോ ജോസഫിന് അപരൻ വയനാട്ടിൽ നിന്ന്; കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിച്ച് എം സ്വരാജ്; അപരനെ നിർത്താതെ തന്നെ കോൺഗ്രസിന് ജയിക്കാനറിയാം; ഉപദേശവും, ഉഡായിപ്പും കൂടി വേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് അപര സ്ഥാനാർത്ഥിയായി വയനാട്ടിൽ നിന്ന് കോൺഗ്രസ് ആളെ ഇറക്കിയെന്ന ആരോപണവുമായി എം സ്വരാജ്. വയനാട്ടിലെ ഒരു 44കാരനെയാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നതെന്ന് എം സ്വരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. കോൺഗ്രസിലെ ഒരു സുഹൃത്ത് തനിക്ക് നൽകിയ രഹസ്യ വിവരമാണ് ഇതെന്നും സ്വരാജ് അവകാശപ്പെട്ടു.
സ്വരാജിന്റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. കോൺഗ്രസ്സ് അപരനെ നിർത്തുന്നില്ല, അല്ലാതെ തന്നെ ജയിക്കാനറിയാം. അത് ഞങ്ങളുടെ ശൈലിയുമല്ലെന്നും രാഹുൽ പറഞ്ഞു. അപരനെ നിർത്തുന്നതിനെതിരെ സംസാരിക്കാൻ രാഷ്ട്രീയമായ ധാർമ്മികാവകാശം നിങ്ങൾക്കുണ്ടോയെന്നും രാഹുൽ പറഞ്ഞു. കൂടുതൽ ചരിത്രം പറയിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ രണ്ടും കൂടി വേണ്ട, ഉപദേശവും, ഉഡായിപ്പും... ഫേസ്‌ബുക്ക് കുറിപ്പിൽ രാഹുൽ വ്യക്തമാക്കി.
എം സ്വരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
ഡോ.ജോ ജോസഫിനെ തേടി വയനാട്ടിലേയ്ക്ക്...തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് അടിപതറിയിരിക്കുന്നു.എൽഡിഎഫ് സ്ഥാനാർത്ഥിക്കു ലഭിക്കുന്ന സ്വീകാര്യത ഒട്ടൊന്നുമല്ല കോൺഗ്രസ് നേതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത്. കോൺഗ്രസിൽ തന്നെ ഒരു വിഭാഗം വികസനത്തോടൊപ്പമാണ് തങ്ങളെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തിനുപരിയായി വികസനപക്ഷം ചേർന്ന് നടക്കാൻ ജനങ്ങളൊന്നടങ്കം സന്നദ്ധമാവുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. യുഡിഎഫിന് വിജയം അസാധ്യമെന്ന് ഉറപ്പായപ്പോൾ പതിവുപോലെ തരം താഴ്ന്ന തട്ടിപ്പു പരിപാടികളുമായി രംഗത്തിറങ്ങാനാണ് കോൺഗ്രസിലെ അണിയറ നീക്കമത്രെ.
ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള ഒരു അപരനെ തേടി തെക്കുവടക്ക് അലയുകയായിരുന്ന കോൺഗ്രസ് നേതാക്കാന്മാർക്ക് ഏതാണ്ട് അതേ പേരിൽ ഒരാളെ വയാനാട്ടിൽ നിന്നു കണ്ടു കിട്ടിയെന്നാണ് കോൺഗ്രസിലെ ഒരു സൂഹൃത്ത് രഹസ്യമായി ഇപ്പോൾ പറഞ്ഞത്. വയനാട്ടിൽ ആശാൻപറമ്പിൽ വീട്ടിലെ ഒരു 44 കാരനെയാണത്രെ വലവീശി പിടിച്ചിരിക്കുന്നത്.!
അതെ, അപരനെ നിർത്തി വോട്ടർമാരെ പറ്റിക്കാനാണ് പരിപാടി.
അപരന് ലഭിക്കുന്ന അബദ്ധ വോട്ടുകളുടെ ബലത്തിൽ ജയിക്കാനാകുമോ എന്ന അറ്റകൈ പ്രയോഗത്തിനാണ് കോപ്പുകൂട്ടുന്നത്. തട്ടിപ്പും തരികിടയും അപരനെ നിർത്തി പറ്റിക്കലുമായി തൃക്കാക്കരയിൽ ഇറങ്ങുന്ന കോൺഗ്രസ് വെല്ലുവിളിക്കുന്നത് ജനാധിപത്യത്തെയും രാഷ്ട്രീയത്തിലെ ധാർമികതയെയും മാത്രമല്ല തൃക്കാക്കരയിലെ ഓരോ വോട്ടറെയുമാണ്.
കുടിലതയുടെ കോൺഗ്രസ് രാഷ്ട്രീയം നൂറ് അപരന്മാരെ നിർത്തട്ടെ..വോട്ടർമാരെയും ജനാധിപത്യത്തെയും പരിഹസിക്കുന്ന തട്ടിപ്പു പരിപാടിക്കു എൽഡിഎഫ് ഇല്ല എന്ന് ഉറപ്പിച്ചു പറയുന്നു. അപരനെ നിർത്തിയും ജനങ്ങളെ പറ്റിച്ചുമല്ല മറിച്ച് ജനങ്ങളുടെ വിശ്വാസം നേടിയാണ് വിജയിക്കേണ്ടത്. രാഷ്ട്രീയ ധാർമികതയുടെ പതാകയുമായി ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. തട്ടിപ്പു സംഘത്തിന്റെ നാണം കെട്ട വേലത്തരങ്ങൾക്ക് തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകും തീർച്ച.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
M സ്വരാജ് നായരെ,
തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അടിപതറിയതും, അടിത്തറയിളകിയതും അതിന്റെ ഫലമായി സ്ഥലകാല ബോധം നഷ്ടപ്പെട്ടതും UDFന് അല്ല LDFന് ആണ്.
പാർട്ടി നിർബന്ധിച്ചിട്ടും 'ഒരു തോൽവി കൂടി താങ്ങാൻ വയ്യാ' എന്ന് പറഞ്ഞ് താങ്കൾ തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതിനെ പറ്റി ഒരു ഇടതുപക്ഷ സുഹൃത്ത് പറഞ്ഞ് എനിക്കറിയാം. താങ്കൾ ഒരു സേഫ് സോൺ രാഷ്ട്രീയക്കാരനാണ് എന്ന സ്വന്തം അണികളുടെ അടക്കം പറച്ചിലിന്റെ ശബ്ദം കുറയ്ക്കാൻ കഴിഞ്ഞ കുറിച്ച് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്ന വങ്കത്തരങ്ങൾ തിരഞ്ഞെടുപ്പ് കോലാഹലം കഴിഞ്ഞ് താങ്കൾ ഓർഞ്ഞെടുക്കണം.
കുത്തിത്തിരുപ്പിലും വർഗ്ഗീയത ഇളക്കി വിടുന്നതിലും , CPIM ന്റെ ഭാവിയിലേക്കു PC ജോർജ്ജാണ് താങ്കൾ എന്ന് തെളിയിക്കുന്ന കഴിഞ്ഞ ദിവസങ്ങളിലെ അടിസ്ഥാനമില്ലാത്ത താങ്കളുടെ പ്രസ്താവനകളെ തള്ളിക്കളയുന്നു.
ഇന്നത്തെ താങ്കളുടെ ആവലാതിയിലേക്ക് വരാം. കോൺഗ്രസ്സ് നിങ്ങളുടെ സ്ഥാനാർത്ഥിക്ക് എതിരെ ഏതോ അപരനെ നിർത്താൻ പോകുന്നു എന്ന് രഹസ്യ വിവരം താങ്കൾക്കു ലഭിച്ചുവത്രേ!
പേടിക്കണ്ട കോൺഗ്രസ്സ് അപരനെ നിർത്തുന്നില്ല, അല്ലാതെ തന്നെ ഞങ്ങൾക്ക് ജയിക്കാനറിയാം. അത് ഞങ്ങളുടെ ശൈലിയുമല്ല.
ഇനി അപരനെ നിർത്തുന്നതിനെതിരെ സംസാരിക്കാൻ രാഷ്ട്രീയമായ ധാർമ്മികാവകാശം നിങ്ങൾക്കുണ്ടോ?
ഒരുപാട് പഴയ ഉദാഹരണങ്ങൾ പറയുന്നില്ല. 2004 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ VM സുധീരൻ തോറ്റത് എങ്ങനെയാണ് എന്ന് ഓർമ്മയുണ്ടോ?
VM 1009 വോട്ടിന് തോല്ക്കുമ്പോൾ VMന്റെ അപരൻ വി എസ് സുധീരൻ പിടിച്ചത് 8332 വോട്ടാണ്.
നിങ്ങൾ കൊന്നശേഷവും വെട്ടിക്കൊണ്ടിരിക്കുന്ന TP യുടെ സ്വന്തം KK രമയ്‌ക്കെതിരെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
നിങ്ങൾ മത്സരിപ്പിച്ച സ്ഥാനാർത്ഥിയെ കൂടാതെ നിങ്ങൾ ചെല്ലും ചിലവും കൊടുത്ത മൂന്ന് അപര രമകളെയും തോല്പിച്ചാണ് അവർ ജയിച്ചതും, TP 'ചിരിച്ചതും'.
എന്തിനേറെ പറയുന്നു, സാക്ഷാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ രണ്ട് രാഹുൽ ഗാന്ധിയെയും ഏതോ വേറൊരു ഗാന്ധിയെയും മത്സരിപ്പിച്ചത് RG യുടെ പോസ്റ്റർ വെച്ച് തമിഴ്‌നാട്ടിൽ MPയെ ജയിപ്പിച്ച നിങ്ങളുടെ പാർട്ടിക്കാർ തന്നെയാണ്.
അതൊക്കെ പോട്ടെ, തൃപ്പൂണിത്തറയിൽ 2016ൽ കന്നിയങ്കത്തിന് താങ്കൾ തന്നെ മത്സരിക്കുമ്പോൾ, ശ്രീ K ബാബുവിനെതിരെ അപരൻ G ബാബുവിനെ മത്സരിപ്പിച്ചതും, കെട്ടിവെക്കാനുള്ള കാശ് തൊട്ട് ഇട്ടുമാറാനുള്ളതിന്റെ കാശ് വരെ കൊടുത്തത് താങ്കൾ തന്നെയല്ലേ സ്വരാജെ...
കൂടുതൽ ചരിത്രം പറയിക്കരുത്. ചുരുക്കിപ്പറഞ്ഞാൽ രണ്ടും കൂടി വേണ്ട, ഉപദേശവും, ഉഡായിപ്പും...




