കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ കലാപ സാഹചര്യം രൂപപ്പെട്ടതോടെ പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ ഉത്തരവ്. പൊതുമുതൽ നശിപ്പിക്കുന്നവരേയും കൊള്ള നടത്തുന്നവരേയും കണ്ടാൽ വെടിവെയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശ്രീലങ്കൻ പ്രതിരോധമന്ത്രി നിർദ്ദേശം നൽകി.

മഹിന്ദ രാജപക്സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്‌സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകർ തീയിട്ടതിന് പിന്നാലെയാണ് ഉത്തരവ്.

പ്രക്ഷോഭത്തെ തുടർന്ന് നൂറുകണക്കിന് സൈനികരെ കൊളംബോയിലെ തെരുവുകളിൽ വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. പൊതുമുതൽ കൊള്ളയടിക്കുന്നതോ ജീവഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നതോ കണ്ടാൽ വെടിവയ്ക്കാൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കലാപത്തിൽ രണ്ട് പൊലീസുകാരുൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും 65 വീടുകൾക്ക് നാശം സംഭവിച്ചതായും പൊലീസ് അറിയിച്ചു. ഇതിൽ 41 വീടുകൾ തീവെച്ച് നശിപ്പിക്കപ്പെട്ടു. 88 കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും ബസുകളും നശിപ്പിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച ഉണ്ടായ അക്രമാസക്തമായ പ്രക്ഷോഭത്തിനുപിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. രാജപക്സെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആയുധധാരികളായ ഒരു സംഘത്തോടൊപ്പമാണ് ഇപ്പോൾ രാജപക്സെ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

രാജിവെച്ചതിന് പിന്നാലെ മഹിന്ദയുടെ കുരുണേഗലയിലുള്ള വീടിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്‌സെമാരുടെ കുടുംബവീടിനും തീവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആയുധധാരികളായ സംഘത്തോടൊപ്പം രാജപക്സെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. മുൻ പ്രധാനമന്ത്രിയേയും കുടുംബത്തേയും സുരക്ഷിതമായി സൈന്യം ഒഴിപ്പിച്ചുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു.

മഹിന്ദ രാജപക്‌സെ കുടുംബത്തോടോപ്പം രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം പ്രക്ഷോഭകാരികൾ തടഞ്ഞു. പ്രവേശനകവാടത്തിലേക്കുള്ള റോഡിനു കുറെകെ നിരവധി വാഹനങ്ങൾ നിർത്തിയിട്ടാണ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനം തടഞ്ഞതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്ന് പ്രക്ഷോഭകാരികൾ പറഞ്ഞു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ സമരക്കാർ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹിന്ദ രാജപക്‌സെ നിലവിൽ കഴിയുന്ന ട്രിങ്കോമാലി നാവികത്താവളത്തിന്റെ മുൻപിലും പ്രക്ഷോഭകാരികൾ നിലയുറപ്പിച്ചു. കൊളംബോയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസ് വസതി ജനം വളഞ്ഞതോടെയാണ് സൈന്യം രാജപക്‌സെയെ നാവികതാവളത്തിലേക്കു മാറ്റിയത്.

സൈന്യം ഏറെ പണിപ്പെട്ടാണ് ചൊവ്വാഴ്ച മഹിന്ദ രാജപക്‌സെയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. തുടരെ തുടരെ പെട്രോൾ ബോംബുകൾ എറിഞ്ഞ് സമരക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണു സൈന്യം മഹിന്ദ രാജപക്‌സെയുടെ രക്ഷയ്‌ക്കെത്തിയത്. മഹിന്ദ രാജപക്‌സെയെ ക്രമസമാധാന തകർച്ചയുടെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയിൽ ശക്തമാണ്.