ഇന്ത്യാന: അലബാമയിലെ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽനിന്ന് കാണാതായ വനിതാ ഓഫിസറെയും തടവുകാരനെയും പിടികൂടി. ഏപ്രിൽ 29നാണ് ഡിറ്റൻഷൻ സെന്ററിലെ വനിതാ കറക്ഷൻ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കാസി വൈറ്റ് (36) എന്നിവർ ഡിറ്റൻഷൻ സെന്ററിൽനിന്നു കടന്നുകളഞ്ഞത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് ഇന്ത്യാന ഇവാൻസ്വില്ലിയിൽ നിന്നും യുഎസ് മാർഷൽ ആണ് ഇവരെ പിടികൂടിയത്. ഇതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും വനിതാ ഓഫിസർ വെടിവച്ച് ആത്ഹത്യ ചെയ്യുകയും ചെയ്തിരുന്നു.

കാസി വൈറ്റും വിക്കി വൈറ്റും സഞ്ചരിച്ചിരുന്ന വാഹനത്തെ ദീർഘദൂരം പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിൽ അതിവേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. പൊലീസിന് ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് യുഎസ് മാർഷൽ പറഞ്ഞു. വാഹനം അപകടത്തിൽ പെട്ടനേരം വിക്കി വൈറ്റ് സ്വയം നിറയൊഴിക്കുകയായിരുന്നു. പൊലീസ് വിക്കി വൈറ്റിനേയും കാസി വൈറ്റിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിക്കി മരണത്തിന് കീഴടങ്ങി. ഇവരെ കണ്ടെത്തുന്നവർക്ക് 25000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

കാസി വൈറ്റ്നെ ഞായറാഴ്ച ഇന്ത്യാന ഇവാൻസ് വില്ലിയിലെ ഒരു കാർവാഷിൽ കണ്ടെത്തിയതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. ഇവിടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. വളരെ തന്ത്രപൂർവമാണ് വിക്കി വൈറ്റ് നിരവധി കേസുകളിൽ 75 വർഷം തടവുശിക്ഷ അനുഭവിച്ചു വന്നിരുന്ന കാസി വൈറ്റിനെ ഡിറ്റൻഷൻ സെന്ററിൽ നിന്നും കടത്തിക്കൊണ്ടുപോയത്. 36 വയസുള്ള കാസിയും 56 വയസുള്ള വിക്കിയും തമ്മിൽ ഒരു വർഷമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

വിക്കി വൈറ്റും കാസി വൈറ്റും തമ്മിൽ ഒരു 'പ്രത്യേക ബന്ധം' ഉണ്ടായിരുന്നെന്ന് ഡിറ്റൻഷൻ സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിക്കിയും കാസിയും തമ്മിൽ സാധാരണയിൽ കവിഞ്ഞും അടുപ്പമുണ്ടായിരുന്നതായി വിശ്വസനീയമായ ഉറവിടങ്ങളിലൂടെ സ്ഥിരീകരിച്ചെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കാസിയുടെ സഹതടവുകാരും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. 'ജയിലിനുള്ളിൽ കാസിക്കു പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മറ്റു തടവുകാർ ഞങ്ങളോട് പറഞ്ഞു. അവന്റെ ട്രേകളിൽ അധിക ഭക്ഷണം നൽകുമായിരുന്നു. മറ്റാർക്കും ലഭിക്കാത്ത പ്രത്യേകാവകാശങ്ങൾ ലഭിച്ചു. ഇതെല്ലാം വിക്കിയുടെ ഇടപെടൽ മൂലമാണ്' ഉദ്യോഗസ്ഥൻ പറഞ്ഞു.

2020ലാണ് കാസി വൈറ്റിനെ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുവരുന്നത്. കാസിയും വിക്കിയും ആദ്യം കണ്ടുമുട്ടുന്നത് അപ്പോഴാണെന്നാണ് കരുതുന്നത്. കുറച്ചു നാളുകൾക്കുശേഷം കാസിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. എന്നാൽ വിക്കിയും കാസിയും ഫോൺവഴി ആശയവിനിമയം തുടർന്നു. ഈ വർഷം ഫെബ്രുവരിയിലാണ് കാസിയെ വീണ്ടും ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതിനു ശേഷമാണ് ജയിൽ ചാടുന്നതിനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.