ദോഹ : നിരുപാധികമായ സ്‌നേഹ സൗഹൃദങ്ങളാണ് സമൂഹത്തിന്റെ കരുത്തെന്നും ഇത്തരം സൗഹൃദങ്ങൾ വളർത്തിയെടുക്കുവാൻ സാധ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണമെന്നും യു.എ.ഇയിലെ പ്രമുഖ സംഘാടകനും സംരംഭകനും സിനിമ നടനുമായ അൻസാർ കൊയിലാണ്ടി അഭിപ്രായപ്പെട്ടു. ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ ദുബൈ പ്രകാശനം ദുബൈ കഫേ വിറ്റാമിൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവികതയും മനുഷ്യത്വവും പല തരത്തിലുള്ള വെല്ലുവിളികളും അഭിമുഖീകരിക്കുന്ന സമകാലിക ലോകത്ത് ഏകമാനവികതയും മനുഷ്യ സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങൾ ഏറെ പ്രസക്തമാണെന്നും ഇത്തരം സന്ദർഭങ്ങളെ നാം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ ബന്ധങ്ങളെ മത ജാതി രാഷ്ട്രീയ ചിന്തകളിൽ പരിമിതപ്പെടുത്താതെ നിരുപാധികമായ സ്‌നേഹവും സൗഹൃദവും പരിപോഷിപ്പിക്കുമ്പോഴാണ് മാനവികത ശക്തിപ്പെടുക. ഈ രംഗത്ത് ശ്രദ്ധേയമായ ഒരു കാൽവെപ്പാണ് പെരുന്നാൾ നിലാവെന്ന് അദ്ദേഹം പറഞ്ഞു.

സ്‌നേഹവും സാഹോദര്യവും സമൂഹത്തിൽ സജീവമായി നിലനിൽക്കുമ്പോഴാണ് സമൂഹം സാംസ്‌കാരികമായി വളരുന്നതെന്നും അക്ഷരങ്ങളിലൂടെ സ്‌നേഹ സൗഹൃദങ്ങൾക്ക് കരുത്ത് പകരാനുള്ള മീഡിയ പ്‌ളസിന്റെ ശ്രമം ശ്‌ളാഘനീയമാണെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ കഫേ വിറ്റാമിൻ മാനേജിങ് ഡയറക്ടർ അബൂബക്കർ സിദ്ധീഖ് അഭിപായപ്പെട്ടു.

ബെല്ലോ ബസ് റെന്റൽസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ബഷീർ, അൽ മവാസിം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷഫീഖ് ഹുദവി, സൾഫർ കെമിക്കൽ ചെയർമാൻ അഹ് മദ് തൂണേരി, കഫേ വിറ്റാമിൻ ഡയറക്ടർ ഹാഷിർ പാലത്തിങ്കൽ, സലീം കൊച്ചന്നൂർ തുടങ്ങിയവർ സംസാരിച്ചു.

മീഡിയ പ്‌ളസ് സിഇഒ യും പെരുന്നാൾ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പെരുന്നാൾ നിലാവിന്റെ പ്രിന്റഡ് കോപ്പികൾക്ക് പുറമേ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/ എന്ന ലിങ്കിൽ
ഓൺലൈനിലും വായിക്കാമെന്ന് അദ്ദേഹം പറഞ്ഞു.