വെസ്റ്റ്ഹിൽസ് (ലോസ്ആഞ്ചലസ്): മാതൃദിനത്തിൽ കാലിഫോർണിയ, ലോസ് ആഞ്ചലസ് വെസ്റ്റ് ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് ഏജല ഡോൺ ഫ്‌ളോറസ്(38) പതിനാറു വയസ്സുകാരൻ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ഫ്‌ളോറസിന് ആറ് മില്യൺ ഡോളറാണ് ജാമ്യതുകയായി നിശ്ചയിച്ചിരിക്കുന്നത്.

പതിനാറ് വയസ്സുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് ഫ്‌ളോറസിന്റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് പതിനാറുകാരനെ കുറിച്ചു വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും, സമീപവാസികൾ പറയുന്നതു ഫ്‌ളോറസിന്റെ മകനാണെന്നാണ്. പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടിയും, എട്ടിനോടടുത്ത് പ്രായമുള്ള രണ്ടു ആൺകുട്ടികളുടെയും മൃതദേഹമാണ് പൊലീസ് വീട്ടിനകത്തു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഒരു ഫോൺ കോളിനെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്. വെസ്റ്റ് ഹിൽസും, വുഡ്‌ലാന്റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

പൂമ്പാറ്റകൾ കണക്കെ വീടിന്റെ പരിസരത്ത് സൈക്കിളിലും, മറ്റും പറന്ന് നടന്നിരുന്ന പിഞ്ചോമനകൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നതു അയൽവാസികളെപോലും വേദനിപ്പിക്കുന്നു. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടതു തന്റെ മൂന്നു സഹോദരങ്ങൾ മരിച്ചുകിടക്കുന്നതാണെന്നും, ഉടനെ അയൽവാസികളെ വിവരം അറിയിക്കാൻ പതിനാറുകാരൻ വന്നിരുന്നുവെന്നും ഇവർ പറയുന്നു. പക്ഷേ പൊലീസ് ഇതിന് വ്യക്തമായി വിശദീകരണമെന്നും ന്ൽകിയിട്ടില്ല. മാതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവോ എന്നതും സമീപവാസികൾ സംശയിക്കുന്നു.