ശ്രീനഗർ: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാർ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറൽ അമർദീപ് സിങ് ഔജാല ചുമതലയേറ്റു. സ്ഥാനം ഒഴിഞ്ഞ ലെഫ്.ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ സേനാ പാരമ്പര്യമനുസരിച്ച് ജനറൽ ഓഫീസർ കമാന്റിങ് എന്ന ഔദ്യോഗിക പദവി ഔജാലയ്ക്ക് കൈമാറി.

ചിനാർ കോറിൽ മുമ്പും അമർദീപ് സൈനികനായി പ്രവർത്തിച്ചിട്ടുണ്ട്. മേജർ ജനറൽ എന്ന ചുമതല വഹിച്ചുകൊണ്ട് ഉദ്ധംപൂരിലെ ഭീകരവേട്ടകൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥനാണ്.

ജമ്മുകശ്മീർ അതിർത്തിയിലേയും മുഴുവൻ താഴ്‌വരയുടേയും ചുമതല വഹിക്കുന്ന സേനാ വിഭാഗമാണ് ചിനാർ കോർ. സ്ഥാനം ഒഴിഞ്ഞ പാണ്ഡെ ഇനി മദ്ധ്യപ്രദേശിലെ കരസേനാ യുദ്ധപരിശീലന കോളേജ് മേധാവിയായി ചുമതലയേൽക്കും.

രജപുത്താന റൈഫിളിൽ 1987ൽ സൈനിക സേവനം ആരംഭിച്ച ഔജാല മൂന്ന് തവണ വിവിധ ദൗത്യങ്ങളുടെ ഭാഗമായി ജമ്മുകശ്മീരിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ പ്രശസ്തമായ 268 ഇൻഫന്ററി ബറ്റാലിയനേയും 28 ഇൻഫെന്ററി ഡിവിഷനേയും യാഥാർത്ഥ നിയന്ത്രണ രേഖയിൽ നയിച്ച പരിചയമാണ് അമർദീപിനുള്ളത്.