ലഖ്നൗ: ക്ലാസ് മുറിയിൽ പെൺകുട്ടികൾ ശല്യപ്പെടുത്തുന്നുവെന്ന പരാതി നൽകി ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടികൾ. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ നവോദയയിലെ ആൺകുട്ടികളാണ് പ്രിൻസിപ്പലിന് ശല്യം സഹിക്കാനാവാതെ വന്നപ്പോൾ കത്തയച്ചത്. പെൺകുട്ടികൾ തങ്ങളെ പേര് വിളിക്കുന്നതായും മാപ്പുപറയണമെന്നും കത്തിൽ പറയുന്നു.

മണ്ടന്മാർ എന്ന് വിളിച്ചാക്ഷേപിക്കുന്നതായും വട്ടപ്പേര് വിളിക്കുന്നുവെന്നുമാണ് ആൺകുട്ടികളുടെ പരാതി. ആൺകുട്ടികളയച്ച കത്ത് ഇതിനകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പെൺകുട്ടികളുടെ ബഹളവും പാട്ടും കാരണം പഠിക്കാൻ കഴിയുന്നില്ലെന്നും ആൺകുട്ടികൾ പറയുന്നു. ശല്യക്കാരികളുടെ പേരും കത്തിൽ എഴുതിയിട്ടുണ്ട്.

കുട്ടികൾക്കിടയിലുള്ള പ്രശ്നം പരിഹരിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു. എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെയും കാര്യങ്ങൾ ധരിപ്പിച്ചതായും അവർ വ്യക്തമാക്കി. കത്തിന് പിന്നാലെ പെൺകുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി. പിന്നീട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ധ്യാപകർ പറഞ്ഞു.