മലപ്പുറം: പിണറായി വിജയൻ സർക്കാരിന് ലഭിച്ച തുടർഭരണം കേരളത്തെ വിറ്റുതുലക്കാനുള്ള ലൈസൻസല്ലെന്ന് സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടു ലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ. റെയിലെന്നും ആരോപിച്ചു. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവർ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്.

'കെ റെയിൽ വേഗതയല്ല വേദന മാത്രം' എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി സാംസ്കാരിക യാത്രക്ക് ചങ്ങരംകുളത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടൻ ഷൗക്കത്ത്. ഇ.എം.എസ് മുതൽ 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ വരെ 1,60638 കോടി രൂപയാണ് കടം വാങ്ങിയിരുന്നെങ്കിൽ പിണറായി വിജയന്റെ 6 വർഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ കടബാധ്യത 3,20,486 കോടി രൂപയായി കുത്തനെ കൂടി. ആളോഹരി കടം ഒരു ലക്ഷം രൂപക്കടുത്താണ്. കെ. റെയിൽ കേരളത്തെ സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വീകരണയോഗം മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് വിനാശകരമാവുന്ന പദ്ധതിയാണ് കെ. റെയിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉൽപ്പന്നമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. സിദ്ദിഖ് പന്തവൂർ ആധ്യക്ഷം വഹിച്ചു. മുൻ എംപി സി.ഹരിദാസ്, സംസ്‌ക്കാര സാഹിതി ജനറൽ കൺവീനർ എൻ.വി പ്രദീപ്കുമാർ, അഷ്‌റഫ് കോക്കൂർ, എം.വി ശ്രീധരൻ, അഡ്വ. എ.എം രോഹിത്, പ്രണവം പ്രസാദ്, ടി.പി മുഹമ്മദ്, ടി.കെ അഷ്‌റഫ്, അടാട്ട് വാസുദേവൻ, സലാം കുഞ്ഞു, ഹുറെയിൽ കൊടക്കാട്, ഷംസു കല്ലാട്ടയിൽ, കെ. ശബരീഷ്‌കുമാർ, ഷാജി കട്ടുപ്പാറ പ്രസംഗിച്ചു.

തിരൂരിൽ സ്വീകരണയോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.ഗോപാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. കുറുക്കോളി മൊയ്തീൻ എം,എൽ.എ, അഡ്വ. കെ.എ പത്മകുമാർ, വി.എ കരീം, വല്ലാഞ്ചിറ ഷൗക്കത്തലി, പന്ത്രോളി മുഹമ്മദലി, ഒ. രാജൻ, സംസ്‌ക്കാര സാഹിതി ജില്ലാ കൺവീനർ കെ.എം ഗോവിന്ദൻനമ്പൂതിരി, ബി. രാമൻകുട്ടി, ഉമ്മർകുരിക്കൾ, മനോജ് ജോസ് പ്രസംഗിച്ചു. പരപ്പനങ്ങാടിയിലെ സ്വീകരണം ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി ഉദ്ഘാടനം ചെയ്തു. എൻ.പി ഹംസക്കോയ ആധ്യക്ഷം വഹിച്ചു. വീക്ഷണം മുഹമ്മദ്, പി. ഇഫ്തിഖാറുദ്ദീൻ, കാമ്പ്രൻ അബ്ദുൽമജീദ്, എ.ടി ഉണ്ണിക്കൃഷ്ണൻ, പി.എ ചെറീത്, ശ്രീജിത്ത് അധികാരത്തിൽ പ്രസംഗിച്ചു. ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവ്വഹിച്ച തെരുവുനാടകം 'കലികാലക്കല്ല്' അവതരിപ്പിച്ചു.

കെ. റെയിൽ ആകുലതകൾ പങ്കുവെച്ച് 'കലികാലക്കല്ല്'

കെ. റെയിൽ പദ്ധതിയിലെ ആശങ്കകൾ പങ്കുവെച്ച് ജനകീയ പ്രതിരോധം ഉയർത്തി തെരുവുനാടകം 'കലികാലക്കല്ല്.' സംസ്‌ക്കാര സാഹിതി സാംസ്കാരിക യാത്രയിലാണ് പ്രതിരോധ നാടകം അവതരിപ്പിക്കുന്നത്. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് രചനയും സംവിധാനവും നിർവ്വഹിച്ച അരമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിലൂടെയാണ് കെ. റെയിലിനെ കുറിച്ചുള്ള ആകുലതകൾ പങ്കുവെക്കുന്നത്.

കെ.റെയിലിലും മൂലമ്പള്ളിയിലും ഇരകളാക്കപ്പെട്ട രണ്ട് വീട്ടമ്മമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നാടകം. പാതിരാത്രി മതിൽ ചാടിക്കടന്ന് അടയാളക്കല്ല് സ്ഥാപിക്കുന്നതും ഒടുവിൽ കല്ലുനാട്ടാനെത്തുന്നവർ തന്നെ പിഴുതെറിയുന്നതും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പ്രേമ താമരശേരി, സഫിയ നിലമ്പൂർ, പ്രതീഷ് കോട്ടപ്പള്ളി, യു.ടി ശ്രീധരൻ, ഇടവേള റാഫി, ഒ.എൻ.ഡി ബാബു എന്നിവരാണ് അഭിനേതാക്കൾ. നിറഞ്ഞ കൈയടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നാടകത്തെ വരവേൽക്കുന്നത്.