ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ചു കേന്ദ്രമന്ത്രി കിരൺ റിജിജു. കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു, എന്നാൽ എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതു മറികടക്കാനാകില്ലെന്നും കിരൺ റിജിജു പറഞ്ഞു.

'ഞങ്ങളുടെ നിലപാട് എന്താണെന്നു വ്യക്തമായി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും അറിയിച്ചു. കോടതിയേയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ ഒരു ലക്ഷ്മണ രേഖയുണ്ട്. അതിനെ എല്ലാവരും ബഹുമാനിക്കണം. ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും എല്ലാ നിയമങ്ങളും ബഹുമാനിക്കുന്നുവെന്ന് ഉറപ്പാക്കണം.

കോടതി സർക്കാരിനെയും നിയമനിർമ്മാണ സഭയേയും ബഹുമാനിക്കണം. അതുപോലെ സർക്കാർ കോടതിയേയും. ജനാധിപത്യത്തിന്റെ വ്യക്തമായ അതിർവരമ്പുകൾ ഞങ്ങൾക്കിടയിൽ ഉണ്ട്, ആ ലക്ഷ്മണരേഖ ആരും മറികടക്കരുത്' കിരൺ റിജിജു വ്യക്തമാക്കി. എന്നാൽ കോടതി ഉത്തരവ് തെറ്റായോ എന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് സുപ്രീം കോടതി ഇന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്നു കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകണം. നിയമം പുനഃപരിശോധിക്കുന്നതിൽ കേന്ദ്രം തീരുമാനമെടുക്കണം. പ്രതികൾക്കു ജാമ്യം തേടി കോടതിയെ സമീപിക്കാം. അതേസമയം, നിലവിൽ ഫയൽ ചെയ്ത കേസുകൾ മരവിപ്പിക്കരുതെന്നു സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

സത്യം പറയുന്നത് ദേശ ദ്രോഹമല്ലെന്നും, സത്യം കേൾക്കുന്നത് രാജധർമ്മമാണെന്നും, ഭയക്കേണ്ടതില്ലെന്നും ട്വിറ്ററിലെഴുതി രാഹുൽഗാന്ധി പ്രതികരിച്ചു. നിയമം മരവിപ്പിക്കുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്നും കോടതിയിൽ പ്രതീക്ഷയുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇന്ന് രാവിലെയാണ് രാജ്യദ്രോഹനിയമം മരവിപ്പിച്ച് കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ പ്രകാരം രാജ്യദ്രോഹകേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിറുത്തി വയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ ജയിലുകളിലുള്ളവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

160 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിലുണ്ടായിരുന്ന 124 എ എന്ന വകുപ്പാണ് ഒറ്റ ഉത്തരവിലൂടെ സുപ്രീം കോടതി ഇന്ന് മരവിപ്പിച്ചത്. രാജ്യദ്രോഹനിയമം പുനപരിശോധിക്കാമെന്ന് കോടതിയിൽ നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എന്നാൽ നിയമം തന്നെ മരവിപ്പിച്ച സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് കനത്ത പ്രഹരമാണ്. പുനപരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ സർക്കാർ പാർലമെന്റിൽ അതിനുള്ള തയ്യാറെടുപ്പുകൾ എപ്പോൾ തുടങ്ങുമെന്നത് പ്രധാനമാണ്.

എന്നാൽ അതുവരെ കേസുകൾ മരവിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നല്കിയിരുന്നു. കേസെടുക്കുന്നത് നിറുത്തിവയ്ക്കാനാവില്ല എന്നാണ് കേന്ദ്രം രാവിലെ കോടതിയെ അറിയിച്ചത്. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കാമെന്നും കേന്ദ്രം പറഞ്ഞു. അരമണിക്കൂറോളം ജഡ്ജിമാർ ആലോചന നടത്തിയ ശേഷമാണ് ഇക്കാര്യത്തിലുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് എൻവിരമണ അദ്ധ്യക്ഷനായ ബഞ്ച് നല്കിയത്.