ജിദ്ദ: സൗദി അറേബ്യയിലെത്തിയ ഫുട്ബോൾ താരം ലയണൽ മെസ്സിയെ ഹിസ്റ്റോറിക് ജിദ്ദ ഏരിയയിൽ സ്വീകരിച്ച് അസിസ്റ്റന്റ് ടൂറിസം മന്ത്രി ഹൈഫാ അൽസൗദ് രാജകുമാരി. മെസ്സിയെ സ്വീകരിക്കുന്നതിന്റെ ഏതാനും ചിത്രങ്ങൾ രാജകുമാരി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഹിസ്റ്റോറിക് ജിദ്ദയിലെ പര്യടനത്തിൽ മെസ്സിക്കും സുഹൃത്തുക്കൾക്കും താൻ ആതിഥ്യം വഹിച്ചെന്ന് ഹൈഫാ രാജകുമാരി കുറിച്ചു.

ഹിസ്റ്റോറിക് ജിദ്ദയുടെ ചരിത്രവും കലയും അതിഥികളിൽ പ്രത്യേക മതിപ്പ് സൃഷ്ടിച്ചു. ജിദ്ദയും അവിടുത്തെ ജനങ്ങളും ആദ്യ കാഴ്ചയിൽ തന്നെ സന്ദർശകരുടെ ഹൃദയം കവരും. സൗദി ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി.

അദ്ദേഹത്തെയും കുടുംബത്തെയും സുഹൃത്തുക്കളെയും വൈകാതെ വീണ്ടും സൗദി സന്ദർശനത്തിന് താൻ ക്ഷണിക്കുകയാണെന്നും ഹൈഫാ രാജകുമാരി കുറിച്ചു. ജിദ്ദയിലെ ബലദ് അടക്കമുള്ള ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ ലയണൽ മെസ്സി സന്ദർശിച്ചു. ജിദ്ദ സീസൺ ആഘോഷത്തിലും അദ്ദേഹം സന്ദർശനം നടത്തി. സൗദി ടൂറിസം അംബാസഡറായി നിയമിക്കപ്പെട്ട മെസ്സി ജിദ്ദയിൽ അവധിക്കാലം ചെലവഴിക്കാനാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്.