ദുബായ്: നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുക... കോടികൾ തേടി എത്തുക എന്നത് പലരും സ്വപ്‌നം കാണുന്ന ഒന്നാണ്. എന്നാൽ ഈ ഒന്നാം സമ്മാനം ലഭിക്കുക എന്നു പറയുന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ്. എന്നാൽ ഈ ഭാഗ്യം രണ്ട് തവണ ലഭിച്ചാലോ. അതേ, സംഭവം സത്യമാണ്. ദുബായിലെ ഒരു മലയാളിയെ തേടി രണ്ടാം തവണയും ഒന്നാം സമ്മാനം എത്തിയിരിക്കുകയാണ്. അതു ഏഴു കോടി 70 ലക്ഷം രൂപയുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഒരു മലയാളിക്ക് രണ്ടു തവണ ഒന്നാം സമ്മാനം എന്ന ഭാഗ്യം ലഭിച്ചിക്കുന്നത്.

കേരളത്തിൽ നിന്നുള്ള ശ്രീ സുനിൽ ശ്രീധരനാണ് ഈ അപൂർവ്വ ഭാഗ്യവാൻ. ഒരു ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) ആണ് സുനിലിന് വീണ്ടും സമ്മാനമായി ലഭിച്ചത്. 55കാരനായ സുനിലിന് ഇതിനു മുൻപ് 2019 സെപ്റ്റംബറിലും ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്.

സുനിൽ സ്ഥിരമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്ന വ്യക്തിയാണ്. ഏപ്രിൽ പത്തിന് ഓൺലൈൻ വഴിയെടുത്ത 1938 എന്ന നമ്പറിലെ ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്. 2019ൽ 4638 എന്ന നമ്പറും 2020ൽ 1293 എന്ന നമ്പറുമായിരുന്നു ഭാഗ്യം. കഴിഞ്ഞ 20 വർഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനിൽ. അബുദാബിയിലെ ഒരു കമ്പനിയിൽ എസ്റ്റിമേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ദുബായിൽ സ്വന്തമായി ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തുകയാണ്.

'രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളർ നേടി വിജയി ആകാൻ സാധിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാൻ'ശ്രീ സുനിൽ ശ്രീധരൻ പറഞ്ഞു. ഇന്നു തന്നെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനും ദുബായ് സ്വദേശിയും സമ്മാനങ്ങൾ നേടി. ദുബായിലുള്ള റാഷിദ് അൽ മുതവ ബിഎംഡബ്യു 750എൽഐ എക്‌സ് ഡ്രൈവ് എം സ്‌പോർട്ട് കാറാണ് നേടിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള പുരുഷോത്തമൻ പച്ചൈരാജ് ബിഎംഡബ്യു ആർ 1250 ബൈക്കും സ്വന്തമാക്കി.