വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ വെടിവെപ്പു സംഭവങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണെന്ന് കണക്കുകൾ ഉദ്ധരിച്ചു യു.എസ്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തു. മെയ് 10 ചൊവ്വാഴ്ചയാണ് റിപ്പോട്ട് പുറത്തുവിട്ടത്. 1994നു ശേഷം ഏറ്റവും ഉയർന്ന സംഖ്യയാണ് 2020 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏകദേശം 35 ശതമാനം വർദ്ധനവ്.

2020ൽ നടന്ന കൊലപാതകങ്ങളിൽ 79 ശതമാനവും, ആത്മഹത്യകളിൽ 53 ശതമാനവും വെടിവെപ്പിനെ തുടർന്നാണ്.2002 ൽ പാൻഡമിക്കിനെ തുടർന്ന് അമേരിക്കൻ കൗണ്ടികളിൽ പോവർട്ടി ലവൽ ഉയർന്ന സ്ഥലങ്ങളിലാണ് കൂടുതൽ വെടിവെപ്പുസംഭവങ്ങൾ നടന്നിട്ടുള്ളതെന്നും, മറ്റു കൗണ്ടികളെ സംബന്ധിച്ചു ഇതു 4.5 ശതമാനം വർദ്ധനവാണെന്നും യു.എസ്. സെൻസസ് ബ്യൂറോ ഡാറ്റായിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. 100,000 പേരിൽ ഫയർ ആം മരണങ്ങൾ 4.6 ൽ നിന്നും 6.1 ഒന്നായി ഉയർന്നിരിക്കുന്നു.

2020 ൽ ഏററവും കൂടുതൽ മരണങ്ങൾ 10നും 44നും ഇടയിലുള്ള കറുത്ത വർഗ്ഗക്കാരിലാണ്. അതൊടൊപ്പം അമേരിക്കൻ, ഇന്ത്യൻ, അലാസ്‌ക്ക നാറ്റീവ് 25നും 44നും ഇടയിലുള്ളവരിലാണ്. എഫ്.ബി.ഐ. ഡാറ്റായനുസരിച്ചു 2019 നേക്കാൾ 2020 ൽ 29.4 ശതമാനം മരണമാണ് വെടിവെപ്പിനെ തുടർന്നും ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടികാണിക്കുന്നു.

അമേരിക്കയിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന് ഭീഷിണിയുയർത്തുന്നതായി അമേരിക്കൻ പബ്ലിക്ക് ഹെൽത്ത് അസ്സോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ് ബഞ്ചമിൻ അഭിപ്രായപ്പെട്ടു.