ന്യൂഡൽഹി: ഐടി സ്ഥാപനത്തിൽനിന്നു പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ നാല് സിബിഐ ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിട്ടു. സബ് ഇൻസ്പെക്ടർമാരായ സുമിത് ഗുപ്ത, പ്രദീപ് റാണ, അങ്കൂർ കുമാർ, അശോക് അഹ്ലാവത് എന്നിവരെയാണ് പിരിച്ചുവിട്ടത്.

ഉദ്യോഗസ്ഥരെ ചണ്ഡിഗഢ് പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരെ പിരിച്ചുവിടാൻ സിബിഐ ഡയറക്ടർ സുബോധ് കുമാർ നിർദ്ദേശം നൽകുകയായിരുന്നു. ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവർ.

ഭീകര സംഘടനകൾക്കു പണം നൽകിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കാതിരിക്കാൻ 25 ലക്ഷം നൽകണമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ ഐടി കമ്പനിയിൽനിന്നു പണം തട്ടാൻ ശ്രമിച്ചത്.

സ്ഥാപനത്തിൽ എത്തി റെയ്ഡ് തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ജീവനക്കാർ പൊലീസിനെ വിളിച്ചു.പൊലീസ് എത്തിയപ്പോൾ സിബിഐ ഉദ്യോഗസ്ഥരാണെന്നതിന്റെ രേഖകൾ ഇവർ കാണിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം.

ഈ നാല് ഉദ്യോഗസ്ഥർക്കും ചണ്ഡിഗഢിൽ ചുമതലയൊന്നുമില്ലെന്ന് സിബിഐ അറിയിച്ചു. സിബിഐയുടെ അറിവോടെയല്ല 'റെയ്ഡെ'ന്നും അധികൃതർ വ്യക്തമാക്കി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.