തിനോടകം 20 ഓളം രാജ്യങ്ങളിൽ കണ്ടെത്തിയ ദുരൂഹമായ ഹെപ്പറ്റൈറ്റിസ് രോഗം ബ്രിട്ടനിൽ ഇന്നലെ പതിമൂന്ന് കുട്ടികൾക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ മാരകമായ ഈ കരൾ രോഗത്തിന് ബ്രിട്ടനിൽ അടിമകളാകുന്ന കുട്ടികളുടെ എണ്ണം 176 ആയി. അതിൽ 128 കുട്ടികളും ഇംഗ്ലണ്ടിൽ ഉള്ളവരാണ്. ഇന്നലെ ഈ ദുരൂഹ രോഗം ബാധിച്ച് ഒരു കുട്ടി മരണമടഞ്ഞു. അതേസമയം രോഗം ബാധിച്ച രണ്ടാമതൊരു കുട്ടിക്ക് കൂടി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.

ഇന്നലെ അയർലൻഡിൽ ഒരു കുട്ടി മരിച്ചതോടെ ആഗോളാടിസ്ഥാനത്തിൽ ഈ മരണത്തിനു കീഴടങ്ങി മരണം വരിച്ച കുട്ടികളുടേ എണ്ണം ഒൻപതായി ഉയർന്നു. അതിൽ അഞ്ചുപേർ അമേരിക്കയിലും മൂന്ന് പേർ ഇന്തോനേഷയിലുമാണ്. ഒരു കുട്ടി അയർലൻഡിലും. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ 20 ഓളം രാജ്യങ്ങളിൽ നിന്നായി ഈ ദുരൂഹവും അതീവ മാരകവുമായ ഹെപ്പറ്റൈറ്റിസ് ബാധിച്ച 350 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതിൽ ചുരുങ്ങിയത് 26 കുട്ടികൾക്കെങ്കിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അത്യാവശ്യമായി വന്നിരിക്കുകയാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. പല രാജ്യങ്ങളിലും ആരോഗ്യ രംഗം ജാഗരൂകമല്ലാത്തതിനാൽ, ഈ രോഗം പിടിപെട്ട കുട്ടികളുടെ എണ്ണം ഇപ്പോൾ രേഖപ്പെടുത്തിയതിലും വളരെ ഉയർന്നതാകാം എന്നും ആരോഗ്യ രംഗത്തെ പ്രമുഖർ സംശയിക്കുന്നുണ്ട്.

ഈ രോഗത്തിന് കാരണമാകുന്ന രോഗകാരി ഏതെന്ന് ഇതുവരെയും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. സാധാരണ ജലദോഷത്തിന് കാരണമാകുന്ന ചില വൈറസുകൾ തന്നെയാണ് ഇതിനു പിന്നിലെന്ന സിദ്ധാന്തത്തിനാണ് ശാസ്ത്ര ലോകത്ത് ഇപ്പോൾ മുൻതൂക്കം ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇക്കഴിഞ്ഞ മാർച്ച് മുതൽ ഈ ദുരൂഹ രോഗം പിടിപെട്ട് ആറു കുട്ടികളേയാണ് അയർലൻഡിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതു മുതൽ തന്നെ ഈ രോഗവുമായി ബന്ധപ്പെട്ട നിഗൂഢതകളുടെ ചുരുളഴിക്കാൻ യൂറോപ്യൻ യൂണീയൻ രാജ്യങ്ങളുടെയും, ബ്രിട്ടന്റെയും , ലോകാരോഗ്യ സംഘടനയുടേയും സഹകരണത്തോടെ അയർലൻഡ് ശ്രമിച്ചു വരികയാണ്.

അയർലൻഡിൽ, ഈ രോഗം പിടിപെട്ട ആറു കുട്ടികളിൽ ആരും തന്നെ പരസ്പരം സമ്പർക്കം പുലർത്തിയിരുന്നവരല്ല. അതുകൊണ്ടു തന്നെ ഇത് എങ്ങനെ പടരുന്നു എന്നതിനെ കുറിച്ചും ഇപ്പോൾ കാര്യമായ വിവരം ഒന്നും തന്നെയില്ല. ഇത് ഈ രോഗത്തെ കൂടുതൽ ദുരൂഹമക്കുന്നുണ്ട്. സാധാരണ ഹെപ്പറ്റൈറ്റിസ് ബാധയുണ്ടാക്കുന്ന അഡെനോ വൈറസിന് മ്യുട്ടേഷൻ സംഭവിച്ച് കൂടുതൽ മാരക രൂപം കൈക്കൊണ്ടു എന്നൊരു സംശയവും ശാസ്ത്രലോകം പ്രകടിപ്പിക്കുന്നുണ്ട്.

അതിനിടയിൽ വളർത്തു നായ്ക്കളിൽ കൂടി ഇത് പകരുമോ എന്ന കാര്യവും ഇപ്പോൾ പരിശോധനാ വിധേയമാക്കിയിരിക്കുകയാണ്. രോഗബാധിതരായ കുട്ടികളിൽ ഭൂരിഭാഗവും വളർത്തു നായ്ക്കൾ സ്വന്തമായി ഉള്ള വീടുകളിൽ നിന്നുള്ളവരാണ് എന്നതിനാലാണ് ഇതുകൂടി പഠന വിധേയമാക്കുന്നത്. പട്ടികളിൽ നിന്നും എങ്ങനെ വൈറസ് പകരും എന്ന കാര്യം വ്യക്തമല്ലെങ്കിലും പട്ടികൾ അഡേനോ വൈറസിന്റെ വാഹകരാകാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.