ഡാളസ്: ഡാളസ്സിലെ പെറ്റ്സ്റ്റോറുകളിൽ പട്ടികളുടെയും, പൂച്ചകളുടേയും വില്പന നിരോധിച്ചു. ഡാളസ് സിറ്റി കൗൺസിൽ ഇതു സംബന്ധിച്ചു ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. മെയ് 11 ബുധനാഴ്ചയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലെ ബ്രീഡിങ് ഫെസിലിറ്റികളിൽ നിന്നും അനാരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന പെറ്റുകളുടെ വില്പന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

പെറ്റുകളോടുള്ള മനുഷ്യരുടെ സ്നേഹം വർദ്ധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളിൽ പോയി വാങ്ങുന്ന പട്ടികളുടെയും, പൂച്ചകളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വാങ്ങുന്നവർ അന്വേഷിക്കാറില്ലെന്നും, ഇവയെ വീട്ടിൽ കൊണ്ടുവരുന്നതും, ഒരു കുടുംബമായി പരിഗണിക്കുന്നതും ഒരു പക്ഷേ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ടെക്സസ് ഹൂമയ്ൻ ലെജിസ്ലേഷൻ നെറ്റ് വർക്ക് ഡയറക്ടർ സട്ടൺ കെർബി പറഞ്ഞു.

ടെക്സസ്സിൽ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ സിറ്റിയാണ് ഡാളസ്സെന്നും ഹൂമെയ്ൻ സൊസൈറ്റി ഓഫ് യു.എസ്. പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളിൽ ഇത്തരം നിയമം നിലവിലുണ്ടെന്നും ജോൺ ഗുഡ്വിൻ പറഞ്ഞു. ഡാളസ്സിൽ ഹുമെയ്ൻ പെറ്റ്സ്റ്റോർ ഓർഡിനൻസ് നടപ്പാക്കണമെന്ന് നാലു മാസങ്ങൾക്കു മുമ്പു തന്നെ സിറ്റി വിളിച്ചു ചേർത്ത പബ്ലിക്ക് മീറ്റിംഗിൽ ആവശ്യം ഉയർന്നിരുന്നു.

ഇതരസംസ്ഥാനങ്ങളിലെ ബ്രീഡിങ് ഫെസിലിറ്റികളിൽ നിന്ന് വൻതോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും, ചെറിയ തോതിൽ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ് വിൽ പറഞ്ഞു.