അരിസോണ: 1978 കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്സിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ക്ലാരൻസ് ഡിക്ലന്റെ(66) വധശിക്ഷ മെയ് 11 ബുധനാഴ്ച നടപ്പാക്കി.

8 വർഷങ്ങൾക്കു ശേഷമാണ് അരിസോണയിൽ വീണ്ടുമൊരു വധശിക്ഷ നടപ്പാക്കിയത്. 2014 ലായിരുന്നു അവസാന വധശിക്ഷ. 2022ൽ യു.എസ്സിൽ നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.

21 വയസ്സുള്ള അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഡിയാന ബൊഡൂയിൻ ആണ് കൊല്ലപ്പെട്ടത്. ലൈംഗിക പീഡനവും ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് യു.എസ്. സുപ്രീം കോടതി ശിക്ഷ നീട്ടിവെക്കണ ആവശ്യം തള്ളിയിരുന്നു. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു മിനിട്ടുകൾക്കുള്ളിൽ മരണം സ്ഥിരീകരിച്ചു.

ജൂൺ 8ന് മറ്റൊരു വധശിക്ഷ കൂടി അരിസോണയിൽ നടപ്പാക്കേണ്ടതുണ്ട്. അരിസോണ ജയിലുകളിൽ 112 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്.

ഗ്യാസ് ചേംബർ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കണമോ എന്ന ആവശ്യം ക്ലാരൻസ് തള്ളിയിരുന്നു. 2020 ൽ അരിസോണ സംസ്ഥാനത്തെ നിലവിലുണ്ടായിരുന്ന ഡെത്ത് ഗ്യാസ് ചേംബർ പുതുക്കി പണിതിരുന്നു.