ഈരാറ്റുപേട്ട: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ശമ്പളംപറ്റുന്ന ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികളും അടിമകളുമായി അധഃപതിക്കുന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തിന് അപമാനമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

അരുവിത്തുറ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ചേർന്ന അഗ്രിക്കൾച്ചറൽ പെൻഷനഴ്സ് വെൽഫെയർ അസോസിയേഷൻ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകപെൻഷൻ 10,000 രൂപയാക്കണമെന്ന നിർദ്ദേശം 2015ലെ സംസ്ഥാന കാർഷിക നയത്തിലൂടെ കഴിഞ്ഞ യുഡിഎഫ് സർക്കാർ അംഗീകരിച്ചതാണ്. എന്നാൽ ഇതുവരെ നടപ്പിലാക്കാതെ അട്ടിമറിച്ചിരിക്കുന്നു. കാർഡമം ഹിൽ റിസർവ്വ് വനമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് നിർമ്മാർജജനം ചെയ്യുമ്പോൾ കേരളത്തിലിത് വനനിയമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് നടപ്പിലാക്കാൻ തടസ്സം നിൽക്കുന്നത് ഉദ്യോഗസ്ഥരാണ്. ഭൂമാഫിയകളെ സഹായിക്കാൻ റവന്യൂ റിക്കാർഡുകളിൽ വൻ കൃത്രിമം കാട്ടി ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. കടംവാങ്ങി ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളെയും തീറ്റിപ്പോറ്റാൻ മാത്രമായി സംസ്ഥാനത്ത് ഒരു ഭരണത്തിന്റെ ആവശ്യമുണ്ടോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

സമ്മേളനത്തിൽ അഗ്രിക്കൾച്ചറൽ പെൻഷനഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി സഖറിയാസ് തുടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ബിനോയ് തോമസിന് സമ്മേളനത്തിൽ സ്വീകരണം നൽകി. ഒന്നാം കർഷക കമ്മീഷൻ സർക്കാരിന് സമർപ്പിക്കേണ്ട കർഷക നിവേദനങ്ങൾ അഗ്രിക്കൾച്ചറൽ പെൻഷനഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് ചെയർമാൻ ജോർജ് ജോസഫ് തെള്ളിയിൽ നിന്ന് അഡ്വ.ബിനോയ് തോമസ് ഏറ്റുവാങ്ങി. കർഷക സംഘടനകൾ സംഘടിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡൽഹി കർഷകസമരം കേരളം പാഠമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സെബാസ്റ്റ്യൻ പൊരിയത്ത്, ബാലാജി എള്ളൂക്കുന്നേൽ എന്നിവർ സംസാരിച്ചു.