അമൃത്സർ: ഇലക്ട്രിക്ക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മന്ത്രി ഹർഭജൻ സിങ് പ്രതികരിച്ചു.

ആറ് ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെയാണ് ആശുപത്രിയിലെ തീയണച്ചത്. ആശുപത്രിയിലെ ഒപിഡിയിൽ (ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) സ്ഥാപിച്ച രണ്ട് ഇലക്ട്രിക്ക് ട്രാൻസ്ഫോർമറാണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

അപകടത്തിൽ രോഗികൾക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നെഫ്രോളജിയിലെ ആറ് വാർഡുകൾ, മൂന്ന് സർജിക്കൽ വാർഡുകൾ എന്നിവയിലാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന രോഗികളെ ഉടൻ തന്നെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.