മൂന്നാർ: മുതിരപ്പുഴയിൽ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം പത്തനാപുരം മീൻകുളം കമ്പുകുത്തുംവിള എസ്. മനോജി(39) ന്റെ മൃതദേഹമാണ് പഴയ മൂന്നാറിലെ ഡിറ്റിപിസി ഓഫീസിന് പിന്നിലെ മുതിരപ്പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

കഞ്ഞിക്കുഴിയിൽ ടാപ്പിങ് തൊഴിലാളിയായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുക്കൾക്കൊപ്പം ഓട്ടോയിൽ മൂന്നാർ കോളനിയിലെ ലോഡ്ജിൽ മുറിയെടുത്തു. രാത്രി പുറത്തുപോയെങ്കിലും പിന്നീട് മടങ്ങിയെത്തിയില്ല. പിറ്റേന്ന് ബന്ധുക്കൾ തിരഞ്ഞെങ്കിലും കാണ്ടെത്തിയില്ല. സാധാരണ ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോകുന്നത് പതിവായതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയില്ല.

മനോജ് അവിവാഹിതനാണ്. സമൂഹ മാധ്യമങ്ങൾ വഴി വിവരം അറിഞ്ഞ ഇവരെ മൂന്നാറിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാളെ തിരിച്ചറിഞ്ഞതും വിവരം ബന്ധുക്കളെ അറിയിച്ചതും. പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.