സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതായാണ് വിവരം. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി പാഡണിഞ്ഞു. രണ്ട് ലോക കപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2003, 2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. റോയ് എന്ന് സഹതാരങ്ങൾ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായിരുന്നു.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാക്കിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ൽ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

ഈ വർഷമാദ്യം അന്തരിച്ച സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്‌ത്തിയിരുന്നു. ഈ മരണങ്ങളുടെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെയാണ് സൈമണ്ട്‌സിന്റെ വിയോഗവും. ഇതുംഓസ്‌ട്രേലിയക്കാരെ വീണ്ടും സങ്കടക്കടലിലാക്കിയിരിക്കുകയാണ്.