ജയ്പൂർ: ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് നോട്ടീസ്. മെയ് 18നകം ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് മന്ത്രിയുടെ വസതിയുടെ മുന്നിൽ നോട്ടീസ് പതിച്ചു.

കേസിലെ പ്രതി രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു ഇന്ന് രാവിലെയാണ് പതിനഞ്ചംഗ സംഘം മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടി രാജസ്ഥാനിൽ എത്തിയത്.

മന്ത്രിയുടെ നഗരത്തിലെ രണ്ടുവീടുകളും പൊലീസ് പരിശോധന നടത്തി. എന്നാൽ രണ്ടിടത്തും മകനെ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. രോഹിത് ജോഷിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവർഷം ജനുവരി എട്ടിനും ഈ വർഷം ഏപ്രിൽ 17നും ഇടയിൽ നിരവധി തവണ തന്നെ മന്ത്രിയുടെ മകനായ രോഹിത് ജോഷി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതി.

കഴിഞ്ഞവർഷം ഫേസ്‌ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ആദ്യ കണ്ടുമുട്ടലിൽ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ താൻ നഗ്നയായ നിലയിലായിരുന്നു. തന്റെ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് മാസത്തിൽ പരിശോധനയിൽ താൻ ഗർഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. തന്നെ നിർബന്ധിച്ച് ഗർഭം അലസിപ്പിക്കുന്നതിന് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയിൽ പറയുന്നതായി ഡൽഹി പൊലീസ് പറയുന്നു.