അഹമ്മദാബാദ്: വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം വധുവിനെ മണ്ഡപത്തിൽ ഉപേക്ഷിച്ച് ലഭിച്ച സ്ത്രീധനവുമായി വരനും കൂട്ടരും വീട്ടിലേക്ക് മടങ്ങിയെന്ന് പരാതി. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിൽ മെയ് 12-ാം തീയതി നടന്ന വിവാഹച്ചടങ്ങിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

വധുവിന്റെ ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഇതിലൂടെ തന്റെ ആഡംബര കാറിന് പോകാനാകില്ലെന്ന് പറഞ്ഞാണ് വരൻ വധുവിനെ കൂട്ടാതെ മടങ്ങിയത്. അതേസമയം, വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോയെന്ന് വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

വല്ലഭ് വിദ്യാനഗർ സ്വദേശിയായ യുവാവുമായാണ് നപാഡ് സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെയ് 12-ന് വിവാഹദിവസം ആഡംബര സെഡാനിലാണ് വരൻ വിവാഹവേദിയിലെത്തിയത്. എന്നാൽ വേദിയിലെത്തിയത് മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഒടുവിൽ വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കൾ ചടങ്ങ് നടത്താൻ സമ്മതിപ്പിച്ചത്.

എന്നാൽ വിവാഹച്ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ചായി വരന്റെ പരാതി. തന്റെ കാറിന് ഈ റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ഇയാൾ ബഹളംവെയ്ക്കുകയായിരുന്നു. തുടർന്ന് വധുവിനെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയിൽനിന്ന് മടങ്ങുകയും ചെയ്തു.

വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചതിനാൽ സഹോദരനാണ് വധുവിന്റെ വിവാഹത്തിനുള്ള ചെലവ് വഹിച്ചിരിക്കുന്നത്. ഒടുവിൽ വിവാഹച്ചടങ്ങുകൾ ഇങ്ങനെ അവസാനിച്ചതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ ഒരു എൻ.ജി.ഒ.യെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫലംകണ്ടില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും എൻ.ജി.ഒ. ഭാരവാഹികൾ പറഞ്ഞു.