ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഷോപ്പിയാൻ മേഖലയിലെ തുർക്ക്വംഗം ഗ്രാമവാസിയായ അഹമ്മദ് ഗനായി ആണ് കൊല്ലപ്പെട്ടത്.

സിആർപിഎഫും കശ്മീർ പൊലീസും ചേർന്ന് തുർക്ക്വാഗം പ്രദേശത്തായിരുന്നു ഭീകരരെ നേരിട്ടിരുന്നത്. ഇതിനിടെ അഹമ്മദിന് പരിക്കേൽക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ശ്രീനഗറിലുള്ള മഹാരാജ ഹരി സിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിആർപിഎഫിന്റെയും ജമ്മു പൊലീസിന്റെയും സംയുക്ത പട്രോളിങ് സംഘത്തിന് നേരെ ഭീകകർ വെടിയുതിർക്കുകയായിരുന്നു. പുൽവാമ- ഷോപ്പിയാൻ ജില്ലകളെ തമ്മിൽ ബന്ധിക്കുന്ന പാലത്തിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.

കഴിഞ്ഞ ദിവസം ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലിൽ രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വകവരുത്തിയിരുന്നു.