ന്യൂഡൽഹി: യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അബുദാബിയിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു.

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഡൽഹിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. തുടർന്ന് നേരിട്ട് അനുശോചനമറിയിക്കാനായി ഉപരാഷ്ട്രപതി തന്നെ ഇന്ന് അബുദാബിയിലെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി തന്നെ ശൈഖ് ഖലീഫയുടെ മൃതദേഹം ഖബറടക്കിയിരുന്നു. അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ യുഎഇ ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. ശേഷം ശനിയാഴ്ച യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനെ തെരഞ്ഞെടുത്തു. നേരത്തെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായിരുന്നു അദ്ദേഹം.

അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ സഹോദരനും യുഎഇരാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമാണ് 61കാരനായ ശൈഖ് മുഹമ്മദ്. ഇന്ത്യടക്കമുള്ള വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ് പുതിയ ഭരണാധികാരി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാർ ഒന്നുചേർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.