ശ്രീനഗർ: ഇന്ത്യയിലെത്തുന്ന അമ്പത് ശതമാനം വിദേശ വിനോദ സഞ്ചാരികൾ മുഗൾ വാസ്തുകലയും ബാക്കി അമ്പത് ശതമാനം പേർ കശ്മീരിന്റെ സൗന്ദര്യവും ആസ്വദിക്കാനാണ് വരുന്നതെന്നും എന്നാൽ, ഇവ രണ്ടും ബിജെപി നശിപ്പിച്ചുവെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

ലോകോത്തര നിർമ്മിതികളിലൊന്നായ കുത്തബ് മിനാറിന്റെ പേര് പരിഷ്‌കരിച്ച് 'വിഷ്ണു സ്തംഭ്' എന്നാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ അരങ്ങേറിയ പ്രതിഷേധത്തിന് പിന്നാലെയാണ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഡൽഹിയിലെ അക്‌ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലെയ്ൻ, തുഗ്ലക് ലെയ്ൻ തുടങ്ങിയ നിരത്തുകൾക്ക് മുഗൾ ഭരണാധികാരികളുടെ പേരാണെന്നും അവ മാറ്റണമെന്നും നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു.

കശ്മീരിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെക്കുറിച്ചും കശ്മീരിലെ ന്യൂനപക്ഷവിഭാഗങ്ങൾക്ക് നേർക്കുണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും മെഹ്ബൂബ സംസാരിച്ചു. കശ്മീരിനോടുള്ള കേന്ദ്രസർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകണമെന്നും സർക്കാർ കശ്മീരിലെ ജനങ്ങളെ സമ്മർദത്തിലാഴ്‌ത്തുകയാണെന്നും ജനങ്ങൾക്കിടയിൽ ഹിന്ദു -മുസ്ലിം എന്ന വിഭാഗീയത സൃഷ്ടിച്ച് മറ്റുപ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധതിരിക്കുകയാണെന്നും അവർ ആരോപിച്ചു. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരവാദികൾ വധിച്ചതിന് പിന്നാലെയാണ് പ്രതികരണം.