തൊടുപുഴ: 'കേൾക്കുന്നത് ശുഭവാർകളാണ്. ചികത്സ ഫലിച്ചുതുടങ്ങി. പതിയെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. നാട്ടിൽ ചിറ്റയുടെ വീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്ന അവനെ താമസിയാതെ പഴയപോലെ ഊർജ്ജസ്വലനായി കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.എല്ലാത്തിനും ദൈവത്തിന് നന്ദി' ഡോ. കാണാതായ തന്റെ വളർത്തുപൂച്ചയെ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിൽ ഡോ. ധ്രുവൻ പ്രസാദ് പറയുന്നു.

മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒട്ടും പ്രതീക്ഷിക്കാതെ ഏതാനും ദിവസം മുമ്പ് മാതാപിതാക്കളുടെ കൈകളിൽ എത്തിച്ചേരുകയും ചെയ്ത തന്റെ വളർത്തുപൂച്ചയായ ഉണ്ണികൃഷ്ണന്റെ ഇപ്പോഴത്തെ വിശേഷങ്ങളാണ് മറുനാടുമായി ധ്രുവൻ പങ്കുവച്ചത്.

കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മാതൃസഹോദരി തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ഹരിഭവനിൽ റിട്ട. ഹോമിയോ സൂപ്രണ്ട് എം.എസ്. ബീനയുടെ വീട്ടിൽ നിന്നാണ് താൻ ഏറെ താലോലിച്ച് വളർത്തിയിരുന്ന ഉണ്ണികൃഷ്ണനെ ധ്രുവന് നഷ്ടമാവുന്നത്.
നെടുങ്കണ്ടത്തിനടുത്ത് ബാലഗ്രമിലാണ് ധ്രുവനും കുടംബവും വീടുവച്ചിട്ടുള്ളത്.

മാതാപിതാക്കൾക്ക് പെട്ടെന്ന് ചെന്നൈയ്ക്ക് പോകേണ്ട അത്യവശ്യം വന്നപ്പോൾ ധ്രുവൻ ഉണ്ണികൃഷ്ണന്റെ സംരക്ഷണ ചുമതല താൽക്കാലികമായി ഡോ. ബീനയെ ഏൽപ്പിക്കുകയായിരുന്നു.

ബീനയുടെ വീട്ടിൽ പെയിന്റിംഗിന് പണിക്കാർ എത്തിയപ്പോൾ മുതലാണ് പൂച്ചയെ കാണാതാവുന്നത്.പരിചയമില്ലാത്തവരെ കണ്ട് പൂച്ച പരിഭ്രമിച്ച് സമീപത്തെവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.തുടർന്ന് പരിസരത്തെല്ലാം ദിവസങ്ങളോളം പൂച്ചയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

വീട്ടിൽ കൊണ്ടുവന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉണ്ണിക്കൃഷ്ണൻ കുടുംബത്തിലെ ഒരു അംഗമായിമാറിയിരുന്നെന്നും തങ്ങൾ എവിടെപ്പോയാലും അവനെയും കൂട്ടുമായിരുന്നെന്നും കാണാതായത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ഡോ.ധ്രുവൻ പറഞ്ഞു.

ആഴ്ചകളോളം വിവിധ സ്ഥലങ്ങളിൽ വീട്ടുകാർ പൂച്ചയെ അന്വേഷിച്ച് അലഞ്ഞു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ന്യൂസ് പേപ്പറുകളിലും പരസ്യം നൽകി.അൽപ്പം താമസിച്ചെങ്കിലും ഇത് ഗുണകരമായി.പറ്റാവുന്ന എല്ലാ ചികത്സ ഉണ്ണികൃഷണന് ലഭ്യമാക്കും.അവൻ പഴയതുപോലെ ഉഷാറാവും ഉറപ്പാണെന്നും ധ്രുവ് വിശദമാക്കി.

ഒഡീഷയിലെ കട്ടക്കിൽ ജോലിചെയ്യുന്ന ധ്രുവൻ പൂച്ചയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികത്സയെക്കുറിച്ചുമെല്ലാം അടിക്കടി വീട്ടിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.

പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 1.5 വയസുള്ള ആൺ പൂച്ചയാണ് ഉണ്ണിക്കൃഷ്ണൻ. ഡോ. സേതുലക്ഷ്മി-ഡോ. ശിവപ്രസാദ് ദമ്പതികളുടെ മകനാണ് ഡോ.ധ്രുവൻ.ഒരുമാസം പ്രായമുള്ളപ്പോൾ പുതുച്ചേരിയിൽ നിന്നാണ് ധ്രുവൻ പൂച്ചയെ വാങ്ങുന്നത്.

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ഇടവെട്ടി പാറേക്കുടി സനൽ, കാരിക്കോട് പുത്തൻവീട്ടിൽ ശ്യാം, ഇടവെട്ടി പഴവൂർ അഡ്വ. വിഷ്ണു എന്നിവരാണ്് പൂച്ചയെ ധ്രുവന്റെ കുടുംബത്തിന് തിരികെ ലഭിക്കാൻ നിമിത്തമായത്.

തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്ത് നായ ഓടിക്കുന്ന നിലയിൽ അഡ്വ.വിഷ്ണുവാണ് പൂച്ചയെ കാണുന്നത്.തുടർന്ന് വിഷ്ണു സനലിനെ വിളിച്ച് കാര്യം പറഞ്ഞു.സനൽ സുഹൃത്ത് ശ്യാമിനെയും കൂട്ടി സ്ഥലത്തെത്തി.അവശതകണ്ട് പൂച്ചകൾക്കൾക്കുള്ള തീറ്റവാങ്ങിക്കൊണ്ടുവന്ന് നൽകി.

വാലിന്റെ ഭാഗത്തുള്ള മുറിവിൽ പുഴുവരിച്ചിരുന്നു.തുടർന്ന് മൃഗസ്നേഹിയും പരിചയക്കാരനുമായി ദീപുവിനെ വിളിച്ച് കാര്യം പറഞ്ഞു.ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യാമാക്കാനായിരുന്നു ദീപുവിന്റെ നിർദ്ദേശം.ഇതുപ്രാകാരം കാർബോർഡ് പെട്ടിയിലാക്കി പൂച്ചയെ ഇവർ മൂവരും ചേർന്ന് മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കി.

ധ്രുവ് പ്രസാദ് പൂച്ചയെ കാണാതായത് സംബന്ധിച്ച് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് വിഷ്ണുവിന്റെ സഹോദരി കണ്ടിരുന്നു.ഇക്കാര്യം വിഷ്ണു സനലിന്റെ ശ്രദ്ധയിൽപ്പെടുത്തകയും സനൽ പോസ്റ്റ് തപ്പിയെടുത്ത് ,ഒഡീഷയിലെ കട്ടക്കിൽ ജോലിചെയ്യുന്ന ധ്രുവനെ വിവരം അറിയിക്കുകയുമായിരുന്നു.

പൂച്ചയുടെ ഒരു കണ്ണ് നീലയും മറ്റേ കണ്ണ് പച്ചയും ആയതിനാൽ എളുപ്പത്തിൽ തിരിച്ചറിയാനായി.ഉടനെ തന്നെ ധ്രുവ പ്രസാദ് ഈ വിവരം ഡോ. ബിനയെ അറിയിച്ചു. ഈ സമയം ധ്രുവന്റെ മാതാപിതാക്കളും ഡോ,ബീനയുടെ വീട്ടിൽ ഉണ്ടായിരുന്നു.തുടർന്ന് ഇവർ മൂവരും ചേർന്ന് ആശുപത്രിയിലെത്തി പൂച്ചയെ ഏറ്റുവാങ്ങുകയായിരുന്നു.

ധ്രുവനെപ്പോലെ തന്നെ സനലും കൂട്ടരും ഉണ്ണികൃഷ്ണന്റെ വിശേഷങ്ങൾ അന്വേഷിച്ചറിയുന്നുണ്ട്. ധ്രുവന്റെ പിതാവ് ഡോക്ടർ ശിവ പ്രസാദാണ് പ്രധാനമായും ഉണ്ണികൃഷണന്റെ ചികത്സ-ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിയിക്കുന്നത്.മാതാവ് ഡോ.സേതുലക്ഷമി എന്തിനും ഏതിനും സഹായത്തിനായി കൂടെയുണ്ട്.