ചെന്നൈ: അമ്മയുടെ മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ. തമിഴ്‌നാട്ടിലാണ് സംഭവം. കോൺക്രീറ്റിട്ട് മൂടിയാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകനായ സുരേഷിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് സുരേഷ് പൊലീസിനോട് വെളിപ്പെടുത്തിയത്. 86കാരിയായ ഷെമ്പകത്തെയാണ് മരണശേഷം വീപ്പയിൽ സൂക്ഷിച്ചത്. സംസ്‌കാര ചടങ്ങുകൾ നടത്താനുള്ള പണം സുരേഷിന്റെ കയ്യിൽ ഇല്ലാത്തതിനാാണ് യുവാവ് മൃതദേഹം ബാരലിൽ സൂക്ഷിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഷെമ്പകം കുറച്ചു വർഷങ്ങളായി വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. കുറച്ചുദിവസമായി ഷെമ്പകത്തെ പുറത്തേക്ക് കാണാതായതോടെ സുരേഷുമായി അകന്നുകഴിയുകയായിരുന്ന ഭാര്യയെ അയൽവാസികൾ വവിരം അറിയിക്കുകയായിരുന്നു.

ഇവർ സുരേഷിന്റെ സഹോദരനെ കാര്യം അറിയിച്ചു. അമ്മ രണ്ടാഴ്ച മുൻപ് മരിച്ചതായും സംസ്‌കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു. തുടർന്ന് മൂത്ത സഹോദരൻ നീലാങ്കരയ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് എത്തിയതോടെ അമ്മയുടെ മരണശേഷം മൃതദേഹം പ്ലാസ്റ്റിക് ബാരലിൽ ഇട്ട് കോൺക്രീറ്റ് ചെയ്ത് അടച്ചതായി സുരേഷ് വെളിപ്പെടുത്തി.

ബാരൽ തകർത്ത് പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഷെമ്പകം അസുഖങ്ങൾ മൂലം മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തയ്യൽ ജോലി ചെയ്യുന്ന സുരേഷ് മാനസികമായി പ്രശ്നം നേരിടുന്നയാളാണ്.