ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ പുതുതായി ആരംഭിച്ച വൈൻ ഷോപ്പിനു നേരെ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ബാരാമുള്ളയിലെ ദീവാൻബാഗിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

മദ്യം വാങ്ങാൻ എന്ന വ്യാജേന എത്തിയ ആൾ കടയ്ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. അതിനിടെ ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. മരിച്ചയാളും പരിക്കേറ്റവരും വൈൻ ഷോപ്പിലെ ജീവനക്കാരാണ്. ഇവർ ജമ്മുവിൽനിന്നുള്ളവരാണ് എന്നാണ് വിവരം. ഇക്കൊല്ലം ആദ്യമാണ് ഈ വൈൻ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്.

ഡി.ഐ.ജി., ബാരാമുള്ള എസ്.എസ്‌പി., മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന മേഖലയ്ക്കു സമീപമാണ് ആക്രമണം നടന്നിരിക്കുന്നത്.